മുംബൈ: ജന്മദിനാഘോഷത്തിന്റെ പേരിൽ വിളിച്ച് വരുത്തിയ ഉറ്റ സുഹൃത്തിനെ ജീവനോടെ തീയിട്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി. മുംബൈയിലെ കുർളയിൽ തിങ്കളാഴ്ച രാത്രിയാണ് 21-കാരനായ അബ്ദുൾ റഹ്മാൻ മഖ്‌സൂദ് ആലം ഖാന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് കുർളയിലെ ഭാഭ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.(Friends tried to set 21-year-old on fire in Mumbai)
പിറന്നാൾ കേക്ക് മുറിക്കാനായിട്ടാണ് യുവാവിനെ അഞ്ച് സുഹൃത്തുക്കൾ വിളിച്ച് വരുത്തിയത്. രാത്രി 8 മണിയോടെ, യുവാവ് കേക്ക് മുറിക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ തമാശയ്ക്ക് എന്ന പോലെ ചെറിയ കല്ലുകൾ എറിയാൻ തുടങ്ങി. പിന്നാലെ സുഹൃത്തുക്കളിലൊരാൾ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ യുവാവിന് നേർക്ക് ഒഴിച്ചു.
പെട്രോളിന്റെ മണം മനസിലായ യുവാവ് കാര്യം തിരക്കിയപ്പോഴേക്കും സുഹൃത്തുക്കൾ ലൈറ്റർ ഉപയോഗിച്ച് തീയിടുകയായിരുന്നു. വസ്ത്രത്തിൽ തീ പടർന്നതോടെ യുവാവ് രക്ഷയ്ക്കായി അടുത്ത കെട്ടിടത്തിലേക്ക് ഓടുകയായിരുന്നു. കെട്ടിടത്തിലെ സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് ശരീരത്തിലെ തീ അണച്ചത്.
വസ്ത്രത്തിൽ തീ പടർന്ന് യുവാവ് ജീവനുവേണ്ടി ഓടുന്നത് കണ്ട് സുഹൃത്തുക്കൾ ആസ്വദിച്ചുവെന്നാണ് യുവാവ് പോലീസിനോട് വിശദമാക്കിയത്. ഇതിനിടെ സുഹൃത്തുക്കൾ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയിരുന്നു. പിന്നീട്, സമീപത്തെ കെട്ടിടത്തിൽ തളർന്നിരുന്ന യുവാവിനെ സുഹൃത്തുക്കളിലൊരാൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുനാനാക് ഖൽസ കോളേജിലെ രണ്ടാം വർഷ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ബിരുദ വിദ്യാർത്ഥിയാണ് പൊള്ളലേറ്റ യുവാവ്.
മുഖം, മുടി, നെഞ്ച്, കൈകൾ, വലത് കൈപ്പത്തി എന്നിവിടങ്ങളിലാണ് യുവാവിന് പൊള്ളലേറ്റത്. അയാസ് മാലിക്, അഷ്‌റഫ് മാലിക്, ഖാസിം ചൗധരി, ഹുസൈഫ ഖാൻ, ഷെരീഫ് ഷെയ്ഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. അയാസ് ആണ് പെട്രോൾ ഒഴിച്ചത്. അഷ്റഫ് ആണ് ലൈറ്റർ ഉപയോഗിച്ച് തീയിട്ടത്. ഹുസൈഫ ആണ് പിന്നീട് യുവാവിനെ ആശുപത്രിയിലാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി.) സെക്ഷൻ 110 പ്രകാരം കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം എന്ന കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.