
ന്യൂഡൽഹി: ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം നടത്തിയത്. സഞ്ജീവനി യോജന എന്ന പുതിയ പദ്ധതി പ്രകാരം 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ കിട്ടുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു.
"ചികിത്സാ ചെലവിന് ഉയർന്ന പരിധിയുണ്ടാകില്ല. ഇതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തുടങ്ങും. ആപ്പ് പ്രവർത്തകർ രജിസ്ട്രേഷനായി നിങ്ങളുടെ വീട്ടിലെത്തും. അവർ നിങ്ങൾക്ക് ഒരു കാർഡ് നൽകും, അത് സുരക്ഷിതമായി സൂക്ഷിക്കുക. തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ അധികാരത്തിൽ വന്നാൽ ഈ നയം നടപ്പിലാക്കും" -കെജ്രിവാൾ പറഞ്ഞു.