ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള അധിക ചാർജുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് വിമാനക്കമ്പനികൾ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ ഈ മുന്നറിയിപ്പ് നൽകിയത്.(Free seat mandate will force sharp hike in Fares, says Airlines)
വിമാനത്തിലെ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും അധിക ചാർജ് ഈടാക്കാതെ യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വ്യോമയാന മന്ത്രാലയം ഡിജിസിഎയോട് നിർദ്ദേശിച്ചത്. ഈ നീക്കം വിമാനക്കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്ന് കത്തിൽ വ്യക്തമാക്കി.
വരുമാന നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടി വരുമെന്നും, ഇത് സീറ്റ് തിരഞ്ഞെടുക്കാൻ താല്പര്യമില്ലാത്ത സാധാരണ യാത്രക്കാർക്ക് പോലും ബാധ്യതയാകുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിലെ സീറ്റുകളുടെ സ്ഥാനം, ലെഗ് റൂം എന്നിവയനുസരിച്ച് നിലവിൽ 200 രൂപ മുതൽ 2,100 രൂപ വരെ അധിക ചാർജ് ഈടാക്കുന്നുണ്ട്. ജാലകത്തിനരികിലെ സീറ്റുകൾക്കും ഇടനാഴിക്കരികിലെ സീറ്റുകൾക്കും ആണ് സാധാരണയായി ഉയർന്ന നിരക്ക് ഈടാക്കുന്നത്.

