
ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ തട്ടിപ്പിനു തടയിടാന്‍ പദ്ധതിയുമായി കേന്ദ്രം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം പോര്‍ട്ടലിനെ ധനമന്ത്രാലയത്തിനും ഐ.ആര്‍.ഡി.എ.ഐക്കും കീഴിലാക്കും.. 2024ല്‍ ഐ.ആര്‍.ഡി.എ.ഐ പുറത്തിറക്കിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാസ്റ്റര്‍ സര്‍ക്കുലറിലെ പല വ്യവസ്ഥകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ ലംഘിച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍. മെഡിക്കല്‍ ക്ലെയിം അനുവദിക്കുന്നതിലെ സമയം, കാഷ്ലെസ് അപ്രൂവല്‍, ഉപയോക്താവിനെ അറിയിക്കേണ്ട കാര്യങ്ങള്‍ എന്നിവയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഈ സര്‍ക്കുലറിൽ മുന്നോട്ടുവെച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ ക്ലെയിമില്‍ അനധികൃതമായ കുറവ് വരുത്തുക, കൃത്യമായ കാരണമില്ലാതെ ക്ലെയിം നിരസിക്കുക, കൃത്യമായ സമയത്ത് ക്ലെയിം അനുവദിക്കാതിരിക്കുക എന്നിവ ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. ഇത്തരത്തിലുള്ള ചൂഷണം തടയാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം പോര്‍ട്ടലിനെ ധനമന്ത്രാലയത്തിനും ഐ.ആര്‍.ഡി.എ.ഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപമെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) ക്കും കീഴിലാക്കാനുള്ള പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നത്.
രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് വന്‍ തട്ടിപ്പുകളാണ് നടക്കുന്നത്. സമീപ കാലത്ത് ഇവ വര്‍ധിച്ചു എന്നതാണ് പുതിയ പദ്ധതിക്കു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജനറല്‍ ഇന്‍ഷുറന്‍സില്‍ വ്യാജ ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നത് മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് പണമോ വ്യക്തിഗത വിവരങ്ങളോ കൈക്കലാക്കാന്‍ ആള്‍മാറാട്ടം വരെ ഈ രംഗത്തു നടക്കുന്നുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതിനിധികളായി വ്യാജ പോളിസികള്‍, കിഴിവുകള്‍, അല്ലെങ്കില്‍ പോളിസി കാലഹരണപ്പെടല്‍ മുന്നറിയിപ്പ് എന്നിവ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ ചതിച്ചേക്കാം. ഈ സന്ദേശങ്ങളോ കോളുകളോ പലപ്പോഴും ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും പങ്കിടാന്‍ ശ്രമിക്കാറുണ്ട്.
സൈബര്‍ കുറ്റവാളികള്‍ ഔദ്യോഗിക ഇന്‍ഷുറന്‍സ് പോര്‍ട്ടലുകളെ അനുകരിക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിക്കുന്നു. ഈ സൈറ്റുകള്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍, ബാങ്കിംഗ് വിവരങ്ങള്‍ എന്നിവ ശേഖരിക്കുകയോ ഉപയോക്താക്കളെ കബളിപ്പിച്ച് പേയ്മെന്റുകള്‍ നടത്തുകയോ വ്യാജ പോളിസികളില്‍ ചേരുകയോ ചെയ്തേക്കാം. തട്ടിപ്പുകാര്‍ ഒരു നോമിനിയെയോ ഗുണഭോക്താവിനെയോ അനുകരിക്കുകയും വ്യാജ രേഖകള്‍ ഉപയോഗിച്ച് തെറ്റായ അവകാശവാദം ഉന്നയിക്കാന്‍ ശ്രമിക്കുകയും ചെയ്‌തേക്കാം. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
അതേസമയം, അംഗീകൃത ഇന്‍ഷറുന്‍സ് കമ്പികളും ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. ക്ലെയിം അനുവദിക്കുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ എട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്. നിവ ബുപ, സ്റ്റാര്‍ ഹെല്‍ത്ത്, കെയര്‍ ഹെല്‍ത്ത്, മണിപ്പാല്‍സിഗ്ന, ന്യൂ ഇന്ത്യ അഷുറന്‍സ്, ടാറ്റ എ.ഐ.ജി, ഐ.സി.ഐ.സി.ഐ ലംബാര്‍ഡ്, എച്ച്.ഡി.എഫ്.സി എര്‍ഗോ എന്നിവര്‍ക്ക് ഐ.ആര്‍.ഡി.എ.ഐ നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ഐ.ആര്‍.ഡി.എ.ഐ യോഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഷോക്കോസ് നല്‍കിയ കാര്യം അന്വേഷിക്കുമെന്നാണ് കരുതുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഐ.ആര്‍.ഡി.എ.ഐ. പിഴശിക്ഷ വിധിക്കാനും ബാധിക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പലിശ അടക്കം പണം തിരികെ നല്‍കാനും ഉത്തരവിടാന്‍ അതോറിറ്റിക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.