ചെന്നൈ : നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നുവീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവണ്ണാമലൈയ്ക്കടുത്തുള്ള ആറണിയിലാണ് സംഭവം നടന്നത്.
മുള്ളിപ്പട്ട് കാമരാജ്‌നഗര്‍ സ്വദേശി കാര്‍ത്തിയുടെയും തമിഴ്സെല്‍വിയുടെയും മകള്‍ അനാമികയാണ് മരണപ്പെട്ട്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാര്‍ത്തിയെയും തമിഴ്സെല്‍വിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസുഖബാധിതയായ അനാമികയെയും കൊണ്ട് കാര്‍ത്തിയും വൈദ്യന്റെ അടുത്തേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കിനുനേരേ ഒരുകൂട്ടം തെരുവുനായകള്‍ കുരച്ചുകൊണ്ട് ഓടിയെത്തുകയായിരുന്നു. ഇതിനിടെ, നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയായിരുന്നു. തെറിച്ചുവീണ് പരിക്കേറ്റ അനാമികയെ ഉടന്‍ സ്വകാര്യാശുപത്രിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ പോലീസ് കേസെടുത്തു.