
ഡൽഹി: മുകേഷ് അഹ്‌ലാവത് പുതിയ ഡൽഹി മന്ത്രിസഭയിലെ പുതുമുഖമാകും. ഡൽഹിയിലെ സുൽത്താൻപൂർ മജ്‌റയിൽ നിന്നുള്ള നിയമസഭാംഗമാണ് മുകേഷ്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 48,042 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് അഹ്‌ലാവത് വിജയിച്ചത്. പാർട്ടി ദലിത് നേതാക്കളെ അവഗണിക്കുന്നു എന്ന വിമർശനത്തിന് മറുപടിയായിരിക്കും മുകേഷ് അഹ്‌ലാവതിന്‍റെ മന്ത്രി സ്ഥാനം. കെജ്രിവാൾ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷ് മന്ത്രിസഭയിലും തുടരും.
സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരെ പുതിയ മന്ത്രിസഭയിൽ നിലനിർത്തുമെന്ന് എ.എ.പി വ്യക്തമാക്കി. അഹ്ലാവത് ഉൾപ്പെടെ രണ്ട് പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരിക്കും. ഏഴാമത്തെ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡൽഹി നിയമസഭയിൽ 70 അംഗങ്ങളും മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി ഏഴ് മന്ത്രിമാരുമാണ് ഉണ്ടാകുക.