ഡല്‍ഹി : ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസമ്മില്‍ ഗനായിയും ഷഹീന്‍ സയീദും ഉള്‍പ്പെടെ നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച, പട്യാല ഹൗസ് കോടതിയാണ് ഇവരെ 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.
സ്‌ഫോടനത്തിന് മുമ്പ്, 'വൈറ്റ് കോളര്‍ ഭീകരസംഘവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തവരാണ് മുസമ്മില്‍ ഗനായി, അദീല്‍ റാഥര്‍, ഷഹീന്‍ സയീദ്, മതപ്രഭാഷകനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗെ എന്നിവര്‍. ഭീകരാക്രമണത്തില്‍ ഇവര്‍ക്കെല്ലാം പ്രധാന പങ്കുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.
കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത് ഉല്‍ ഹിന്ദ് എന്നിവയുള്‍പ്പെട്ട ഒരു വൈറ്റ് കോളര്‍ ഭീകരസംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് സംശയിക്കുന്നതായി എന്‍ഐഎ പറയുന്നു.