പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇപുലർച്ചെ 3.30-ഓടെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലാണ് അന്തരിച്ചത്. പൂനെയിൽ നിന്നുള്ള കരുത്തനായ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം ഇന്ത്യൻ കായിക ഭരണരംഗത്തെയും ദീർഘകാലം നയിച്ചിരുന്നു.(Former Union Minister and Congress leader Suresh Kalmadi passes away )
ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ പൂനെ എരണ്ട്വാനയിലെ 'കൽമാഡി ഹൗസിൽ' പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 3.30-ന് പൂനെ നവി പേട്ടിലെ വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
പൂനെയിൽ നിന്ന് ഒന്നിലധികം തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൽമാഡി, പി.വി. നരസിംഹറാവു സർക്കാരിൽ റെയിൽവേ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് (1995-96). വിക്ടോറിയ ടെർമിനസിനെ 'ഛത്രപതി ശിവാജി ടെർമിനസ്' എന്ന് പുനർനാമകരണം ചെയ്തതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1996 മുതൽ 2011 വരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.