ഛണ്ഡീഗഢ്: മകൻ അഖീൽ അക്തർ (35) മരിച്ച സംഭവത്തിൽ പഞ്ചാബ് മുൻ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താനയ്ക്കും എതിരെ ഹരിയാണ പോലീസ് കേസെടുത്തു. അഖീൽ അക്തറിന്റെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.(Former Punjab DGP's son's mysterious death )
മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ചതെന്ന് കരുതുന്ന അഖീൽ അക്തറിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
"എന്റെ പിതാവുമായി എന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഞാൻ കണ്ടെത്തി. ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലും ആഘാതത്തിലുമാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അവർ എന്നെ ഒരു കള്ളക്കേസിൽ കുടുക്കുമെന്ന് എല്ലാ ദിവസവും ഞാൻ ഭയപ്പെടുന്നു," പുറത്തുവന്ന വീഡിയോയിൽ അഖീൽ പറയുന്നു.
തന്നെ കൊല്ലാനോ കള്ളക്കേസിൽ കുടുക്കാനോ ഉള്ള ഗൂഢാലോചനയിൽ അമ്മയും സഹോദരിയും ഭാഗമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. തന്നെ അന്യായമായി തടങ്കലിൽ വെച്ചതായും, റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് അയച്ചതായും, തന്റെ ബിസിനസ്സിൽ നിന്നുള്ള വരുമാനം തടഞ്ഞുവെച്ചതായും അഖീൽ അവകാശപ്പെട്ടു.
"വിവാഹത്തിന് മുൻപേ എന്റെ പിതാവിന് ഭാര്യയെ അറിയാമായിരുന്നുവെന്ന് സംശയിക്കുന്നു. ആദ്യ ദിവസം അവൾ എന്നെ തൊടാൻ പോലും അനുവദിച്ചില്ല. അവൾ വിവാഹം കഴിച്ചത് എന്നെയല്ല, എന്റെ അച്ഛനെയാണ്," അഖീൽ വീഡിയോയിൽ പറഞ്ഞു.
താൻ ലഹരിക്ക് അടിമയല്ലെന്നും, തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെങ്കിൽ ഡോക്ടറെ കാണിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. "ആരെങ്കിലും എന്നെ സഹായിക്കൂ. ആരെങ്കിലും ദയവായി എന്നെ രക്ഷിക്കൂ," എന്നും അദ്ദേഹം അഭ്യർഥിച്ചു. തന്റെ മകൾ യഥാർത്ഥത്തിൽ തന്റേതാണോയെന്ന് അറിയില്ലെന്നും അഖീൽ വീഡിയോയിൽ പറയുന്നുണ്ട്.
അഖീൽ ലഹരിക്കടിമയാണെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. ഒക്ടോബർ 16-ന് രാത്രി പഞ്ച്കുളയിലെ വസതിയിൽ വെച്ചാണ് അഖീൽ മരിക്കുന്നത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, ഏതെങ്കിലും മരുന്ന് കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അഖീൽ റെക്കോർഡ് ചെയ്ത വീഡിയോകളും ഒരു കുടുംബ സുഹൃത്തിന്റെ മൊഴിയും പുറത്തുവന്നതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അയൽക്കാരനായ ഷംഷുദ്ദീൻ ചൗധരിയാണ് വീഡിയോ പോലീസിന് കൈമാറുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തത്.
അഖീലിന്റെ മരണത്തിൽ തുടക്കത്തിൽ അസ്വാഭാവികതയൊന്നും സംശയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സൃഷ്ടി ഗുപ്ത പറഞ്ഞു. അഖീൽ അക്തറിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ, ചില വീഡിയോകൾ, ഫോട്ടോകൾ എന്നിവയും ചില സംശയങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആരോപണങ്ങൾ പരിശോധിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പിന്നീട് പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, താൻ സ്കീസോഫ്രീനിയ എന്ന അസുഖം ബാധിച്ചു കഷ്ടപ്പെടുകയായിരുന്നുവെന്നും അസുഖമായതിനാൽ ഒന്നും മനസ്സിലാകാതെയാണ് കുടുംബാംഗങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും, ഇപ്പോൾ ഭേദമുണ്ടെന്നും പറഞ്ഞ് അഖീൽ ക്ഷമ ചോദിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോയിൽ അഖീലിന്റെ മുഖം വ്യക്തമല്ല.