

ഇന്ത്യയുടെ പാരമ്പര്യത്തേയും ചരിത്രത്തേയും പുകഴ്ത്തുന്നത് പോലെ അത്ര തന്നെ പരിഹാസം ഇന്ത്യൻ ജനങ്ങളുടെ ശുചിത്വമില്ലായ്മ്മയെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഐസ് ക്രീം വാങ്ങിയ ശേഷം കവർ കളയാൻ ഡസ്റ്റ്ബിന്‍ ആവശ്യപ്പെട്ട വിദേശ വനിതയോട് കവർ റോഡിൽ ഇട്ടേക്കൂ എന്ന് പറയുന്ന കച്ചവടക്കാരന്റെ ദൃശ്യങ്ങളാണ് അത്. കച്ചവടക്കാരന്റെ ഈ മറുപടി കേട്ട് വിദേശ വനിത അമ്പരന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം. 'എന്തുകൊണ്ടാണ് ചില ആളുകള്‍ ഇങ്ങനെ?' എന്ന കുറിപ്പോടെ അമീന ഫൈന്‍ഡ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. (Foreigner Indian Experience)
കടയുടമ കവർ റോഡിൽ കളയാൻ പറയുന്നുണ്ടെങ്കിലും കളയാൻ മടിച്ച് നിൽക്കുന്ന വിദേശ വനിത അവസാനം കവർ കടയുടമയ്ക്ക് തിരിച്ചു നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ കടയുടമ ഒരു കൂസലുമില്ലാതെ കവർ വാങ്ങിൽ താഴെ തന്നെ ഇടുകയാണ്. അത് കണ്ടു എന്ത് ചെയണം, എന്ത് പറയണമെന്ന് അറിയാതെ നിൽക്കുന്ന വിദേശ വനിതയുടെ ദൃശ്യം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് എതിരായ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ ശുചിത്വം ശിക്ഷാർഹമാണ് എന്ന സ്ഥിരം കമന്റ് പോസ്റ്റിന് താഴെ നിരന്നു. പല ഉപയോക്താക്കളും ഐസ്‌ക്രീം വില്‍പനക്കാരന്റെ പെരുമാറ്റം അശ്രദ്ധവും പൗരബോധമില്ലാത്തതും ആണെന്ന് വിമര്‍ശിച്ചു. എന്നാല്‍ അതേസമയം തന്നെ മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്, 'അയാള്‍ ഇതെല്ലാം കൂടി പിന്നീട് ഒരുമിച്ച് കളയും, ആരും തങ്ങളുടെ കടയുടെ മുന്നില്‍ ചവറ് സൂക്ഷിക്കില്ല' എന്നായിരുന്നു. കടയുടമ സ്വന്തം നിലയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം ഇതെന്നും അവര്‍ സൂചിപ്പിച്ചു.