

ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരൻ കാറിടിച്ച് മരിച്ച സംഭവം റോഡപകടമല്ല, മറിച്ച് ക്രൂരമായ കൊലപാതകമാണെന്ന് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞു. സംഭവത്തിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകൻ ഉൾപ്പെടെ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.(Food delivery worker's death proves to be murder, Malayali couple arrested)
കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവർ ആണ് അറസ്റ്റിലായത്. ദർശൻ എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്, ഒക്ടോബർ 25-നായിരുന്നു സംഭവം. പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്.
ദർശൻ്റെ ബൈക്ക് കാറിൻ്റെ കണ്ണാടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ ദർശൻ ക്ഷമാപണം നടത്തി ഭക്ഷണ വിതരണത്തിനായി പോയി. എന്നാൽ, മനോജ് കുമാറും ഭാര്യയും കാറിൽ ബൈക്കിനെ പിന്തുടർന്നു.
തുടർന്ന്, അമിത വേഗത്തിൽ കാർ ബൈക്കിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ദർശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദർശൻ്റെ സഹോദരി നൽകിയ പരാതിയെ തുടർന്ന് ജെ.പി. നഗർ ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചു സംഭവസ്ഥലത്തെ സി.സി.ടി.വി.കൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിറ്റുകൾക്ക് മുൻപ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികൾ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചത്.
കാർ ബൈക്കിൽ ഇടിച്ചപ്പോൾ ഇളകി വീണ കാറിൻ്റെ ചില ഭാഗങ്ങൾ എടുക്കാനായി ഇരുവരും തിരികെ സംഭവസ്ഥലത്ത് എത്തിയതും സി.സി.ടി.വി.യിൽ പതിഞ്ഞു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.