ഡൽഹി : കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചലിൽ വിനോദസഞ്ചാരത്തിന് പോയ മലയാളി സംഘം കുടുങ്ങിയ സംഭവത്തിൽ ഇടപെടലുമായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കുടുങ്ങിയ മലയാളികളെ നാളെ തിരികെ എത്തിക്കും കുടുങ്ങിയവർക്ക് ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയതായി മന്ത്രി ജോർജ് കുര്യന്റെ ഓഫീസ് അറിയിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷൻ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര മന്ത്രിയുടെ ഓഫീസ് സംസാരിച്ചു.
അതേ സമയം, മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് 25പേരടങ്ങുന്ന സംഘം സ്പിറ്റി വാലി സന്ദർശിക്കാൻ പോയത്. തിരിച്ച് വരാനാരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നു. ഇതോടെ 25 പേരടങ്ങുന്ന സംഘം തിരിച്ചുവരാനാകാതെ പ്രദേശത്ത് കുടുങ്ങുകയായിരുന്നു.