അയോധ്യ: രാമക്ഷേത്രത്തിലെ പ്രധാന മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി നടന്ന ധ്വജാരോഹണ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രത്തിന്റെ ശിഖിരത്തിൽ 191 അടി ഉയരത്തിലാണ് മോദി പതാക സ്ഥാപിച്ചത്. രാമൻ്റെ ആദർശങ്ങളെ സൂചിപ്പിക്കുന്ന കോവിദാര വൃക്ഷവും 'ഓം' എന്ന അക്ഷരവും ആലേഖനം ചെയ്ത കാവി നിറത്തിലുള്ള ത്രികോണാകൃതിയിലുള്ള പതാകയാണിത്.(Flag hoisting ceremony at Ram temple in Ayodhya, Prime Minister Narendra Modi hoists the flag 191 feet high)
രാമൻ്റെയും സീതയുടെയും വിവാഹ പഞ്ചമിയോട് അനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി മോദിക്കൊപ്പം ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവന്മാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അധികൃതർ ഈ ധ്വജാരോഹണ ചടങ്ങിനെ ദേശീയ ഐക്യത്തിൻ്റെ പുതിയ അധ്യായത്തിൻ്റെ തുടക്കം എന്നാണ് വിശേഷിപ്പിച്ചത്.
ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ റോഡ് ഷോ നടത്തി. സാകേത് കോളേജിൽ നിന്ന് അയോധ്യാധാം വരെയായിരുന്നു റോഡ് ഷോ. റോഡ് ഷോയ്ക്ക് ശേഷം മോദി സമീപത്തെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് രാമക്ഷേത്രത്തിലെത്തിയത്. ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്.
ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെയും ഉൾപ്പെടെ ആകെ ഏഴായിരം പേരെ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. ധ്വജാരോഹണത്തിന് ശേഷം മോദി, തിരഞ്ഞെടുക്കപ്പെട്ട 700 പേരടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
കോൺഗ്രസ് നേതാവ് ഉദിത് രാജ് ചടങ്ങിൻ്റെ രാഷ്ട്രീയ പ്രാധാന്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. 'വർഷത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മോദി പാലിച്ചോ' എന്ന് അദ്ദേഹം ചോദിച്ചു. രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായിരുന്നെങ്കിലും ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിൽ ബി.ജെ.പി. തോറ്റിരുന്നു. അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താൻ വേണ്ടിയാണ് ബി.ജെ.പി. പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് ഓരോ ചടങ്ങും ആഘോഷമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ക്ഷേത്രത്തിൻ്റെ പ്രധാന മന്ദിരം അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് പൂർത്തിയാക്കിയത്. 2020-ൽ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.