
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്.
വൈദ്യപരിശോധനയും മറ്റും നടന്നുവരുന്നതിനിടെയാണ് പ്രതി പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് ഓടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയുതിർക്കുകയായിരുന്നു.
മരണപ്പെട്ട കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ഇവർ ജോലിക്ക് പോകുമ്പോൾ മകളേയും കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടർന്ന് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവികളക്കം പോലീസ് പരിശോധന നടത്തി. പിന്നാലെ പ്രതി പിടിയിലാകുകയായിരുന്നു. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.