ഡല്‍ഹി: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്രചെയ്ത അഞ്ചു വയസ്സുകാരി ആഡംബര കാർ ഇടിച്ച് മരിച്ചു. നോയിഡ സെക്ടര്‍ 20-ല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു അപകടം ഉണ്ടായത്. സദര്‍പൂര്‍ നിവാസികളായ ഗുല്‍ മുഹമ്മദിന്റെ മകള്‍ ആയത്ത് ആണ് മരിച്ചത്.
സ്‌കൂട്ടറില്‍ കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന ഗുല്‍ മുഹമ്മദിനും ഭാര്യാസഹോദരന്‍ രാജയ്ക്കും പരിക്കേറ്റു. സംഭവത്തിൽ കാര്‍ ഓടിച്ചിരുന്ന ആളെയും സഹയാത്രികനെയും പോലീസ് അറസ്റ്റ് ചെയ്തു.
നോയിഡ സെക്ടര്‍ 37 നിവാസിയായ യഷ് ശര്‍മ്മ (22) ആണ് കാര്‍ ഓടിച്ചിരുന്നത്. അഭിഷേക് റാവത്ത് (22) ആയിരുന്നു സഹയാത്രികന്‍. ഇരുവരും വിദ്യാര്‍ഥികളാണ് എന്നാണ് വിവരം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
കുഞ്ഞിനെ ഡോക്ടറെ കാണിച്ചശേഷം തിരിച്ച് വീട്ടിലേക്ക് പോകാനായി സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു മൂവരും. ഈ സമയം പിന്നില്‍ നിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് ഇവരുടെ സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഗുല്‍ മുഹമ്മദും രാജയും ആശുപത്രിയില്‍ ചികിത്സയിലാണ്.
കാര്‍ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.