

കട്ടക്: വനമേഖലയിൽ മേയുന്നതിനിടെ സ്ഫോടകവസ്തു കടിച്ചുണ്ടായ സ്ഫോടനത്തിൽ അഞ്ച് വയസ്സുള്ള ആനക്കുട്ടിക്ക് ദാരുണാന്ത്യം (Elephant Death). ഒഡീഷയിലെ അങ്കുൾ ജില്ലയിലുള്ള ബന്തല വനമേഖലയിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. സ്ഫോടനത്തിൽ ആനക്കുട്ടിയുടെ വായയും ആന്തരികാവയവങ്ങളും പൂർണ്ണമായും തകർന്നിരുന്നു.
വനപ്രദേശത്ത് ആനക്കൂട്ടത്തിനൊപ്പം മേയുമ്പോഴാണ് ആനക്കുട്ടി അറിയാതെ സ്ഫോടകവസ്തു കടിച്ചത്. പൊട്ടിത്തെറിയെത്തുടർന്ന് മാരകമായി പരിക്കേറ്റ ആനക്കുട്ടി കൂട്ടംതെറ്റി വനത്തിൽ വീണുകിടക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ജനുവരി 15-ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്നികളെയും മറ്റും വേട്ടയാടാൻ സാമൂഹികവിരുദ്ധർ കാട്ടിൽ വെക്കുന്ന സ്ഫോടകവസ്തുക്കളാണ് പലപ്പോഴും ആനകൾക്ക് വിനയാകുന്നത്. കഴിഞ്ഞ മാസം ഒഡീഷയിലെ മയൂർഗഞ്ചിലും സമാനമായ രീതിയിൽ സ്ഫോടകവസ്തു വിഴുങ്ങിയ കൊമ്പനാന ചരിഞ്ഞിരുന്നു. കേരളത്തിലും തമിഴ്നാട്ടിലെ സത്യമംഗലം ടൈഗർ റിസർവിലും ആനകൾ ഇത്തരത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മൃഗവേട്ടക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.
A five-year-old elephant calf died in Odisha's Angul district after biting an explosive device while grazing in the forest. The explosion caused fatal internal injuries and severely damaged its mouth, leading to the calf being separated from its herd. Despite receiving emergency medical care from forest officials and veterinarians, the calf succumbed to its injuries, highlighting the ongoing threat posed by poachers' traps in forest regions.