ജയ്പുര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്പുട്ലി ജില്ലയിലാണ് ദാരുണസംഭവം നടന്നത്. വിരാട്നഗര്‍ പ്രദേശത്തെ ചിതൗലി കാ ബര്‍ദ ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. കളിക്കുന്നതിനിടെ വീട്ടിലെ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രിഗര്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ തലയില്‍ വെടിയുണ്ട തുളച്ചുകയറി. കുട്ടി സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.