
പട്‌ന: ബിഹാറില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനോടെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുരുഷന്മാരെ സ്ത്രീകളുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ച ശേഷമാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ പതിനാറുകാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഗ്രാമത്തലവൻ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ബാബുലാല്‍ ഒറോണ്‍, സീതാദേവി, മഞ്ജീത് ഒറോണ്‍, റാണിയദേവി, തപ്‌തോ മൊസ്മാത് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ സമീപത്തെ കുറ്റിക്കാടിന് ഇടയിൽ നിന്ന് കണ്ടെടുത്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രദേശവാസിയായ രാംദേവ് ഒറോണ്‍ എന്നയാളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടുക്കുന്ന കൂട്ടക്കൊല അരങ്ങേറിയത്. മൂന്നുദിവസം മുന്‍പാണ് പരമ്പരാഗത ചികിത്സകനായ രാംദേവിന്റെ മകന്‍ മരിച്ചത്.രണ്ടാമത്തെ കുഞ്ഞിനും രോഗം ബാധിച്ചതോടെ, ഇതിന് കാരണം ബാബുലോണ്‍ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്ന് ആരോപിച്ചു. സംഭവത്തില്‍ ഒളിവിൽ പോയ അൻപതിലധികം പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.