

ബമാക്കോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ആയുധധാരികളായ സംഘം അഞ്ച് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി. പ്രാദേശിക വൈദ്യുതീകരണ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യക്കാർ എന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തൊഴിലിടത്തെ മറ്റ് ഇന്ത്യക്കാരെ സുരക്ഷ മുൻനിർത്തി തലസ്ഥാനമായ ബമാക്കോയിലേക്ക് മാറ്റിയതായി കമ്പനിയുടെ പ്രതിനിധി അറിയിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
2012 മുതൽ ജിഹാദിസ്റ്റ് ആക്രമണങ്ങളും അട്ടിമറികളും കാരണം ഭരണപരമായ സ്വാധീനം നഷ്ടപ്പെട്ട മാലിയിൽ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടു പോകുന്നത് പതിവാണ്. രാജ്യത്തെ സൈനിക ഭരണകൂടം വർധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളെ നേരിടാൻ പ്രയാസപ്പെടുകയാണ്. അൽ-ഖ്വയ്ദ, ഐസിസ് ബന്ധമുള്ള ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്‌ലാം ആൻഡ് മുസ്‌ലിംസ് (ജെഎൻഐഎം) എന്ന സംഘടനയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പ്രാഥമികമായി സംശയിക്കുന്നു. ഇന്ധന ഉപരോധം ശക്തമാക്കിയ ജെഎൻഐഎം, അടുത്തിടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ യുഎഇ, ഇറാൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ ഇവർ, കഴിഞ്ഞയാഴ്ച മോചനദ്രവ്യം ലഭിച്ചതിനെ തുടർന്ന് ഇവരെ വിട്ടയച്ചിരുന്നു. തുവാരെഗ് കലാപത്തിൽ നിന്ന് രൂപംകൊണ്ട ജെഎൻഐഎം, തങ്ങളുടെ സ്വാധീനമേഖലകളിൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും പൊതുഗതാഗതത്തിൽ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
Summary: Five Indian nationals working for a local electrification company were abducted by an armed group near Kobiri in western Mali, a country severely affected by persistent jihadist attacks.