ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നുണ്ടായ രോഗബാധയെത്തുടർന്ന് അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഭഗീരത്പുരയിലെ സുനിൽ സാഹു–കിഞ്ചൽ ദമ്പതികളുടെ മകൻ അവ്യാനാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞിനെയാണ് ഈ കുടുംബത്തിന് നഷ്ടമായത്.(Five and a half month old baby dies after drinking polluted water in Indore)
അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാതിരുന്നതിനെത്തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കുഞ്ഞിന് കുപ്പിപ്പാൽ നൽകുകയായിരുന്നു. കടയിൽ നിന്നും വാങ്ങിയ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തിയാണ് നൽകിയിരുന്നത്. പൈപ്പ് വെള്ളം ഫിൽറ്റർ ചെയ്ത് ശുദ്ധീകരിച്ചാണ് ഉപയോഗിച്ചിരുന്നതെന്ന് പിതാവ് സുനിൽ സാഹു പറഞ്ഞു. എന്നാൽ വെള്ളത്തിൽ മാലിന്യം കലർന്നതിനെക്കുറിച്ച് തങ്ങൾക്ക് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം വേദനയോടെ കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂലൈ 8-നാണ് അവ്യാൻ ജനിച്ചത്. രണ്ടു ദിവസം മുൻപ് പനിയും വയറിളക്കവും ബാധിച്ച കുഞ്ഞ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണത്തെച്ചൊല്ലി സർക്കാരും ജനങ്ങളും തമ്മിൽ തർക്കം നിലനിൽക്കുകയാണ്.മരിച്ചത് 4 പേർ മാത്രമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുന്നു. മരണം 7 ആണെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ അവകാശപ്പെടുന്നു.എന്നാൽ ഭഗീരഥപുരയിലെ ജനങ്ങൾ പറയുന്നത് 13 പേർ മരിച്ചെന്നാണ്.
ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ നിർദ്ദേശപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ദുബൈ പ്രദേശം സന്ദർശിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. ശുദ്ധജലവിതരണ പൈപ്പ് പൊട്ടി ഓടയിലെ മലിനജലം അതിൽ കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആയിരത്തഞ്ഞൂറോളം പേരെ ഈ പ്രശ്നം ബാധിച്ചു. 200-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ തകരാർ പരിഹരിച്ച് ജലവിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.