
ഉത്തർപ്രദേശിലെ ഒരു ഉൾനാടൻ ഗ്രമായ അമ്രോഹ. അന്ന് 2008 ഏപ്രില്‍ 15, സമയം ഏതാണ്ട് പുലർച്ചെ രണ്ടു മണി കഴിഞ്ഞ് കാണും. പെട്ടാണ് ഗ്രാമത്തിന്റെ നിശബ്ദത തച്ചുടച്ചു കൊണ്ട് ഒരു നിലവിളി എവിടെ നിന്നോ ഉയരുന്നു. ഓരോ നിമിഷം കഴിയുംതോറും ആ നിലവിളിയുടെ മൂർച്ച കൂടിക്കൊണ്ടേയിരുന്നു. അതൊരു സ്ത്രീയുടെ നിലവിളിയായിരുന്നു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഗ്രാമവാസികൾ എങ്ങും പരത്തുവാൻ തുടങ്ങി. എവിടെ നിന്നാണ് ആ സ്ത്രീയുടെ നിലവിളി ഉയരുന്നത്? ഒമ്പത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഷൗക്കത്ത് അലിയുടെ വീട്ടിൽ നിന്നുമാണ് ആ നിലവിളി ഉയരുന്നത്. ഗ്രാമത്തിലെ പ്രമാണിയാണ് ഷൗക്കത്ത് അലി. അയാളുടെ വീട്ടിൽ എന്തോ അനിഷ്ടം സംഭവിച്ചിരിക്കുന്നു, എന്താണ് എന്ന് അറിയാൻ ഗ്രാമവാസികൾ ആ വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലാണ്, വീടിന്റെ ഉള്ളിൽ നിന്നും കരച്ചിലും കേൾക്കാം.
വീടിന് പുറത്ത് തടിച്ചു കൂടിയ ഗ്രാമവാസികൾക്ക് മുന്നിൽ ആ വീടിന്റെ വാതിൽ തുറക്കുന്നു. ഷൗക്കത്ത് അലിയുടെ ഇളയ മകൾ ശബ്‌നം അലിയാണ് (Shabnam Ali) വാതിൽ തുറന്നത്. വീടിനുള്ളിൽ കടന്ന ഗ്രാമവാസികളെ കാത്തിരുന്നത് ചേതനയറ്റ ഏഴു ശവശരീരങ്ങളായിരുന്നു. ഷൗക്കത്ത് അലിയും മറ്റു കുടുംബാംഗങ്ങളും ചോരയിൽ കുളിച്ച് നിലത്ത് കിടക്കുന്നു.
ഷൗക്കത്ത് അലി (55), ഭാര്യ ഹാഷ്മി (50), മൂത്ത മകൻ അനീസ് (35), ഇളയ മകൻ യാഷിദ് (22), അനീസിന്റെ ഭാര്യ അൻജും(25), പത്തുമാസം പ്രായമുള്ള അർഷ്, ബന്ധുവായ റാബിയ (14) എല്ലാവരെയും കഴുത്തറുത്തതാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഇനി ആ കുടുംബത്തിൽ ജീവനോടെ അവശേഷിക്കുന്നത് ശബ്‌നം മാത്രമായിരുന്നു. ഗ്രാമവാസികൾ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുന്നു. വളരെ പെട്ടന്ന് തന്നെ പോലീസ്
ഷൗക്കത്ത് അലിയുടെ വീട്ടിൽ എത്തുന്നു. ഷൗക്കത്ത് അലിയുടെ കുടുംബത്തിൽ ജീവനോടെ അവശേഷിച്ച ശബ്‌നത്തോട് എന്താണ് സംഭവിച്ചത് എന്ന് പോലീസ് തിരക്കുന്നു. കരഞ്ഞ് കരഞ്ഞ് ശബ്‌നത്തിന് ഒരക്ഷരം പോലെ പറയുവാൻ സാധിച്ചില്ല. ഏറെ പ്രയാസപ്പെട്ട് അവൾ ഒടുവിൽ പോലീസിനോട് പറഞ്ഞു തുടങ്ങുന്നു. രാത്രി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന കൊള്ളക്കാർ വീട്ടിലെ അംഗങ്ങളെ ഒന്നൊന്നായി കോടാലി കൊണ്ട് വെട്ടി കൊന്നു.
എന്നാൽ ശബ്നം പറയുന്നത് ഒറ്റനോട്ടത്തിൽ തന്നെ കള്ളമാണ് എന്ന് പോലീസിന് മനസിലാകുന്നു. ശബ്‌നത്തിന്റെ വാക്കിലും നോക്കിലും എന്തോ പന്തികേട് ഉണ്ടെന്ന് വ്യക്തം. ആ സ്ത്രീ എന്തോ ഒന്ന് ഒളിക്കുന്നു. ഇനി ശബ്നം പറഞ്ഞത് പോലെ വീട്ടിനുള്ളിൽ കൊള്ളക്കാർ കടന്നാണ് എല്ലാവരെയും കൊലപ്പെടുത്തിയെതെങ്കിൽ എന്ത് കൊണ്ട് ശബ്നം മാത്രം രക്ഷപ്പെട്ടു. വീടിന്റെ എല്ലാ വാതിലുകളും ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. എങ്കിൽ പിന്നെ കൊള്ളക്കാർ എങ്ങനെ വീട്ടിനുള്ളിൽ കടന്നു. ഒരു മൽപ്പിടിത്തം വീട്ടിനുള്ളിൽ നടത്തിയതിന്റെ യാതൊരു ലക്ഷണവും ഇല്ല. കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയ മുറിവ് മാത്രമേ കൊല്ലപ്പെട്ട ഏഴുപേരുടെയും കഴുത്തിൽ ഉണ്ടായിരുന്നുള്ളു. വീട്ടിൽ നിന്നും യാതൊന്നും കളവ് പോയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ആർ.പി. ഗുപ്തയ്ക്ക് ഒരു കാര്യം കൃത്യമായി ബോധ്യപ്പെട്ടു പുറത്തു നിന്നും ആരും വീട്ടിനുള്ളിൽ കടന്നിട്ടില്ല. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ആരോ തന്നെയാണ് ഷൗക്കത്ത് അലിയുടെ കുടുംബത്തെ കൊലപ്പെടുത്തിയിരിക്കുന്നത്.
വീട്ടിലെ എല്ലാ മുറികളിലും പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നോടെ പോലീസിന്റെ സംശയം ഇരട്ടിച്ചു. കഴുത്തിൽ കോടാലി കൊണ്ട് വെട്ടേറ്റു മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ കൊല്ലപ്പെട്ടവരുടെ ശരീരത്തിലേക്ക് മയക്കുമരുന്ന് കടന്ന് ചെന്നിട്ടുണ്ട്. ഭക്ഷണത്തിൽ ആരോ മയക്കുമരുന്നു കലർത്തി നൽകിയിട്ടുണ്ടെന്ന് വ്യക്തം.
അങ്ങനെ, ശബ്നത്തെ മൊഴിയെടുക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നു. ചോദ്യംചെയ്യലിനിടയിൽ ശബ്നം പോലീസിന് നൽകിയ മൊഴിയിൽ വല്ലാത്തൊരു വൈരുദ്ധ്യമുള്ളതായി പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നു. തുടര്‍ന്ന്, ശബ്‌നത്തിന്റെ മൊബൈൽ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിക്കാൻ പോലീസ് തീരുമാനിക്കുന്നു. തുടർന്ന് ശബ്ധത്തിന്റെ കോൾ ഹിസ്റ്ററി പരിശോധിച്ച പോലീസിന്റെ ശ്രദ്ധയിൽ ഒരു കാര്യം തടയുന്നു. അതെ ഗ്രാമത്തിലുള്ള സലീം എന്ന യുവാവുമായി ശബ്നം അടുപ്പത്തിലായിരുന്നു. കൊലപാതക ദിവസം മാത്രം ശബ്‌നം സലീമിനെ 40 തവണയിൽ അധികം വിളിച്ചതായും, ഇരുവരും തമ്മിലുള്ള അവസാനത്തെ ഫോൺ കോൾ രാത്രി 1.45 ന് നടന്നതായും പോലീസ് കണ്ടെത്തി. അവസാന ഫോൺ സംഭാഷണത്തിന് ഏതാനം മിനിറ്റുകൾക്ക് ശേഷമാണ് ശബ്നം ഉറക്കെ വിലവിളിച്ച് ഗ്രാമവാസികളെ ഉണർത്തിയത്. അതോടെ പോലീസിന്റെ സംശയങ്ങൾ ഏറെ കുറെ തെളിയുവാൻ തുടങ്ങി. പോലീസ് സലീമിനെയും കസ്റ്റഡിയിൽ എടുക്കുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെ, ഒടുവിൽ താൻ തന്നെയാണ് സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയത് എന്ന് ശബ്നം തുറന്നു പറയുന്നു. എന്തിനു വേണ്ടിയാണ് നീ സ്വന്തം കുടുംബത്തെ തന്നെ വകവരുത്തിയത് എന്ന് ചോദ്യത്തിന് ശബ്നം നൽകിയ മറുപടിയാണ് പോലീസുകാരെ പോലും ഞെട്ടിച്ചത്. തന്റെ പ്രണയ സാഫല്യത്തിനായാണ് കുടുംബത്തെ കൊന്നത് എന്നായിരുന്നു ശബ്‌നത്തിന്റെ മറുപടി.
ശബ്‌നവും സലീമും ഒരേ ഗ്രാമത്തില്‍ ജീവിക്കുന്നവരാണ്. ഇരുവരും പ്രണയത്തിലാണ്. ഒരേ മതത്തിൽ നിന്നുള്ളവരാണെങ്കിലും ഇരുവരും വ്യത്യസ്ത സമുദായത്തിൽ പെട്ടവരായിരുന്നു. വിദ്യാഭ്യാസത്തിലും സമ്പത്തിലും സലീമിനെക്കാൾ ഏറെ മുന്നിലായിരുന്നു ശബ്നം. സലീം ഒരു മരക്കടയിലെ തൊഴിലാളിയും. ഇംഗ്ലിഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുണ്ട് ശബ്നത്തിന്. എന്നാൽ ആറാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ താഴ്ന്ന സമുദായത്തിൽപെട്ട ആളാണ് സലീം. ആ ഗ്രാമത്തിലെ തന്നെ ഒരു പ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു ശബ്‌നം. അച്ഛന്‍ അധ്യാപകന്‍, സഹോദരന്‍ എഞ്ചിനീയര്‍, മറ്റൊരു സഹോദരന്‍ ബി.ടെക് വിദ്യാര്‍ഥി. സെയ്ഫി മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഇവര്‍ ഗ്രാമത്തിലെ ഏറ്റവും വലിയ ധനികരായിരുന്നു.
ശബ്‌നവും സലീമും തമ്മിലുള്ള പ്രണയ ബന്ധം ശബ്‌നത്തിന്റെ പിതാവ് ഷൗക്കത്ത് അലി അറിയുവാൻ ഇടയുണ്ടാകുന്നു. താഴ്ന്ന സമുദായത്തിലെ ഒരു പയ്യനെയാണ് തന്റെ മകൾ പ്രണയിക്കുന്നത് എന്ന് അറിഞ്ഞ ഷൗക്കത്ത് അലി മകളുടെ ബന്ധത്തിനെ എതിർത്തു. ഇതിന്റെ പേരിൽ അച്ഛനും മകളും തമ്മിൽ നിരന്തം വാക്ക് തർക്കങ്ങൾ അരങ്ങേറി. ശബ്‌നത്തിന്റെ അച്ഛന്‍ ഷൗക്കത്തലി സ്ഥിരമായി അവളെ മര്‍ദ്ദിക്കുമായിരുന്നു ഇതിന്റെ പേരിൽ. പിതാവോ കുടുംബമോ തന്നെ സലീമുമായി ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ല എന്ന് ശബ്‌നത്തിന് മനസിലായി. ഒരുമിച്ചു ജീവിക്കാൻ മറ്റുവഴികളില്ലാതെ വന്നതോടെ വീട്ടുകാരെ വകവരുത്താൻ അവർ തീരുമാനിക്കുന്നു. കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടാൽ സ്വത്തുകളെല്ലാം തന്റെ പേരിലാകും അതോടെ സലീമുമായി ഒരുമിച്ച് ജീവിക്കാൻ മറ്റ് തടസങ്ങൾ ഉണ്ടാവില്ലെന്ന് ശബ്‌നത്തിന് മനസിലാകുന്നു. അങ്ങനെ ഒരാളെ പോലും ബാക്കി വയ്ക്കാതെ കൊലപ്പെടുത്താൻ ശബ്നം തീരുമാനിക്കുന്നു.
2008 ഓഗസ്റ്റ് 14 തിയതി, ഒരു പഴക്കച്ചവടക്കാന്റെ സഹായത്തോടെ എല്ലാവരെയും മയാക്കാനാവശ്യമായ മയക്കുമരുന്ന് സലീം ശബ്‌നത്തിന് നൽകുന്നു. അന്ന് രാത്രി വീട്ടുകാർക്ക് നൽകിയ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തുന്നു. ശേഷം എല്ലാവരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം ശബ്നം സലീമിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നു. വൈകാതെ കോടാലിയുമായി സലീം എത്തുന്നു. വെട്ടാൻ ശബ്നം ഓരോരുത്തരുടെയും തല നേരെ പിടിച്ച് കൊടുത്തു. സലീം കോടാലി കൊണ്ട് ഏഴുപേരുടെയും കഴുത്തിൽ വെട്ടുന്നു. പത്ത് മാസം പ്രായമുള്ള അര്‍ഷ് ഒഴികെ എല്ലാവരും സമാന രീതിയിലാണ് കൊല്ലപ്പെടുത്തിയത്. അമ്മയ്ക്കും അച്ഛനും നടുവിലായി ഉറങ്ങിക്കിടന്നിരുന്ന ആ പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം സലീം മടങ്ങി പോകുന്നു. സലീം പോയതിന് തോട്ട് പിന്നാലെ ശബ്നം നിലവിളിക്കുവാൻ തുടങ്ങി. കൃത്യം നടക്കുന്ന സമയത്ത് ശബ്നം രണ്ടുമാസം ഗര്‍ഭിണി ആയിരുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
ഒടുവിൽ പോലീസ് ശബ്‌നത്തിനെയും സലീമിനെയും അറസ്റ്റ് ചെയുന്നു. പിടിയിലായ ശേഷം ഇരുവരും പരസ്പരം പഴിചാരി രക്ഷപ്പെടുവനാണ് ശ്രമിച്ചത്. താൻ കൊല ചെയ്തിട്ടില്ല എന്നും കൊലയ്ക്ക് ഉപയോഗിച്ച കോടാലി കുളത്തിൽ കളയുക മാത്രമാണ് ചെയ്തത് എന്നായിരുന്നു സലീം നൽകിയ മൊഴി. എന്നാൽ സലീമിന്റെ വാക്കുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ല. ശബ്‌നത്തിനെയും സലീമിനെയും കുടുക്കിയത് ഇരുവരുടെയും കോൾ ഹിസ്റ്ററിയും, ശബ്‌നത്തിൽ നിന്നും കണ്ടെടുത്ത രക്തക്കറ പുരണ്ട തുണിയും മയക്കുമരുന്നിന്റെ പാക്കറ്റുമാണ്. 2010 ജൂലൈയിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ ഇരുവരും സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. അതോടെ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചുവെങ്കിലും 2016 ൽ രാഷ്ട്രപതി ദയാഹർജിയും തള്ളി.
ജയിലിൽ കഴിയവെ 2008 ഡിസംബറിൽ ശബ്നം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആറു വയസ്സുവരെ ആ കുഞ്ഞ് ശബ്‌നത്തിനോടൊപ്പം ജയിലിൽ കഴിഞ്ഞു. പിന്നീട് ശബ്‌നത്തിന്റെ സുഹൃത്ത് മകനെ ദത്തെടുത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം തൂക്കിലേറ്റാൻ പോകുന്ന ആദ്യത്തെ സ്ത്രീയാണ് ശബ്നം അലി.