
ന്യൂഡല്‍ഹി: ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് രാത്രി ഡൽഹിയിൽ എത്തും(Operation Sindhu). ഓപ്പറേഷന്‍ സിന്ധു എന്ന് പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തിലെ ആദ്യ സംഘമാണ് ഇന്ന് എത്തുന്നത്. പതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിൽ ഉള്ളതായാണ് വിവരം. ഇതിൽ 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. ഇതിൽ 110 വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ട സംഘമാണ് ഇന്ന് രാത്രി 10.15-ഓടെ ഡൽഹിയിൽ എത്തുക.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയതായി അധികൃതർ അറിയിച്ചു. ഇവരെ അര്‍മീനിയ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യൻ പൗരന്മാരെ ടെഹ്‌റാനിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുന്നത് സംബന്ധിച്ചും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചും അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.