

ജോലി സ്ഥലത്തെ പ്രണയബന്ധങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്നതായി പഠനം. യുഗോവുമായി ചേർന്ന് ഡേറ്റിംഗ് പ്ലാറ്റ്ഫോമായ ആഷ്‌ലി മാഡിസൺ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇന്ത്യയിലെ ഏകദേശം 40% -ത്തോളം ഓഫീസ് ജീവനക്കാരും തങ്ങളുടെ സഹപ്രവർത്തകരുമായി ഡേറ്റ് ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ നിലവിൽ ഡേറ്റ് ചെയ്യുന്നുണ്ട് എന്നാണ് വെളിപ്പെടുത്തൽ. ഇതോടെ, ജോലിസ്ഥലത്തെ പ്രണയത്തിന്റെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. മെക്സിക്കോ ആണ് ഒന്നാമത്. മെക്സിക്കോയിലെ ഓഫീസ് ജീവനക്കാരിൽ 43 ശതമാനം പേരും സഹപ്രവർത്തകരുമായി പ്രണയത്തിലാണ്. (Workplace love)
ഇന്ത്യ, യുഎസ്, മെക്സിക്കോ, യുകെ തുടങ്ങിയ പതിനൊന്നോളം രാജ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 13,581 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. സഹപ്രവർത്തകരമായി ഡേറ്റ് ചെയ്തവരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പുരുഷന്മാരാണ് കൂടുതൽ. ഏകദേശം 51% പേർക്ക് ആണ് ഓഫീസിൽ ബന്ധങ്ങൾ ഉള്ളത്. 36% സ്ത്രീകൾക്ക് ഓഫീസിലെ പുരുഷന്മാരുമായി ബന്ധങ്ങൾ ഉണ്ട്. ജോലിയെ എന്തെങ്കിലും തരത്തിൽ ഇത്തരം ബന്ധങ്ങൾ ബാധിക്കുമോ എന്ന ഭയം കാരണം 29 ശതമാനത്തോളം സ്ത്രീകൾ ഇപ്പോൾ സഹപ്രവർത്തകരുമായി ഡേറ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വ്യക്തിജീവിതത്തിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ഭയപ്പെടുന്നത് പുരുഷന്മാരാണ്.
18 മുതൽ 24 വയസ്സുവരെ പ്രായമുള്ളവരിൽ 34 ശതമാനം പേർ ജോലിസ്ഥലത്തെ ബന്ധങ്ങൾ തങ്ങളുടെ കരിയറിന് ദോഷം ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഉയർന്നുവരുന്ന ഓഫീസ് പ്രണയനിരക്ക്, സാമൂഹിക മൂല്യങ്ങളിലെ മാറ്റവും ബന്ധങ്ങളോടുള്ള തുറന്ന സമീപനവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇത്തരം ബന്ധങ്ങളിൽ സങ്കീർണ്ണതകളും നിരവധിയാണ്. താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളും ജോലി സ്ഥലത്തെ വെല്ലുവിളികളും ചിലർ ബന്ധങ്ങളിൽ നിന്ന് പിന്തിരിയാൻ കാരണമാകുന്നു. സാമൂഹികവും സാംസ്കാരികപരമായ ചില അതിർവരമ്പുകളും ഇത്തരം ബന്ധങ്ങളെ സങ്കീർണമാക്കുന്നു.