
ചെന്നൈ: മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് രണ്ട് യുവതികള്‍ മരിച്ചു. ശരണ്യ, പരിമളസൗന്ദര്യ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ അധ്യാപികയാണ്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിമളയും ശരണ്യയും ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാജാജി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ 4.30ന് പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ കാട്രംപാളയം പ്രദേശത്തുള്ള ഹോസ്റ്റലിലാണ് അപകടം സംഭവിച്ചത്. റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ വൈദ്യുതി ചോര്‍ച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. 40ലധികം വിദ്യാര്‍ഥിനികളാണ് ഈ ഹോസ്റ്റലില്‍ താമസിക്കുന്നത്.
തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക നിറഞ്ഞു. വിവരമറിഞ്ഞ് 20ലധികം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.