ഗുരുഗ്രാം: ഗുരുഗ്രാമിലെ ബസായി ചൗക്കിന് സമീപമുള്ള ചേരികളില്‍ വൻ തീപിടുത്തം. ശനിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റ് കാരണം, മിനിറ്റുകള്‍ക്കുള്ളില്‍ തീ പടര്‍ന്നുപിടിക്കുകയും സമീപത്തുള്ള നൂറിലധികം കുടിലുകള്‍ കത്തിനശിക്കുകയും ചെയ്തു. തീപിടിത്തമുണ്ടായതോടെ കുടിലുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങിയിനാല്‍ ആർക്കും ജീവഹാനി ഉണ്ടായില്ല. അഗ്‌നിശമന സേന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ബസായി ചൗക്കിലെ കുടിലുകളില്‍ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതായി സെക്ടര്‍ 37 ഫയര്‍ സ്റ്റേഷന്‍ അറിയിച്ചു. തീ വളരെ രൂക്ഷമായിരുന്നതിനാല്‍ ഭീം നഗര്‍, ഉദ്യോഗ് വിഹാര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ എഞ്ചിനുകള്‍ വിളിക്കേണ്ടി വന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ വരെ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണക്കുന്നതിനായി മൂന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 15 ലധികം വാഹനങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തില്‍ ആളപായമില്ലെന്ന് ഫയര്‍ സ്റ്റേഷന്‍ അറിയിച്ചു.
കുടിലുകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മുഴുവൻ കത്തി നശിച്ചു. പുലര്‍ച്ചെ ശക്തമായ കാറ്റ് വീശിയതിനാല്‍ ചേരികളിലേക്ക് തീ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. എന്നാൽ, തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.