കാൺപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ എം.ജി. കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക പടക്ക വിൽപ്പനശാലയിലുണ്ടായ വൻ തീപിടിത്തത്തിൽ 70-ഓളം കടകൾ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളും നിരവധി ഇരുചക്ര വാഹനങ്ങളുമാണ് ചാരമായത്.(Fire breaks out at a firecracker factory in Fatehpur)
ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 12.30 ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഒരു പടക്ക സ്റ്റാളിലാണ് ആദ്യം തീ പടർന്നത്. പടക്കങ്ങൾ നിറച്ച സമീപത്തെ സ്റ്റാളുകളിലേക്ക് തീ അതിവേഗം പടരുകയും വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടാവുകയും ചെയ്തു. ഏകദേശം 65-70 കടകളും ഇരുപതിലധികം ഇരുചക്ര വാഹനങ്ങളും പൂർണ്ണമായി നശിച്ചു.
വിൽപ്പനക്കാരും വാങ്ങാനെത്തിയവരും ഉടൻ പുറത്തേക്കിറങ്ങി ഓടിയതിനാൽ വലിയ ആളപായം ഒഴിവായി. ചിലർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. 20 മിനിറ്റുകൊണ്ട് എല്ലാ സ്റ്റാളുകളിലേക്കും തീ വ്യാപിച്ചു. അഗ്നിശമന സേനാംഗങ്ങൾ വെള്ളത്തോടൊപ്പം മണലും ഉപയോഗിച്ചാണ് തീ അണച്ചത്.
ഫയർ സ്റ്റേഷൻ വെറും 200 മീറ്റർ മാത്രം അകലെയായിരുന്നിട്ടും തീപിടിച്ച് 20 മിനിറ്റിന് ശേഷമാണ് ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയതെന്ന് വ്യാപാരികൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഫത്തേപൂർ എസ്.പി. അനൂപ് കുമാർ സിംഗ് അറിയിച്ചു. "തീ പൂർണ്ണമായി നിയന്ത്രണത്തിലാക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും," എസ്.പി. പറഞ്ഞു.