ന്യൂഡൽഹി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിൽ 25 പേരുടെ മരണത്തിന് കാരണമായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ഗോവ പോലീസ് ഡൽഹിയിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഗുപ്തയ്‌ക്കെതിരെ നേരത്തെ തന്നെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.(Fire at Goa nightclub, Co-owner in police custody)
ഗോവയിലെ വസതിയിൽ ഇയാളെ കാണാതായതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഡൽഹി സ്വദേശിയായ ഗുപ്തയെ, ലജ്പത് നഗറിലെ ഒരു ആശുപത്രിയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം അജയ് ഗുപ്തയെ ഗോവയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. താൻ വെറുമൊരു പങ്കാളി മാത്രമായിരുന്നു എന്നും സംഭവവുമായി തനിക്ക് മറ്റൊന്നും അറിയില്ല എന്നുമാണ് അജയ് ഗുപ്ത പോലീസിനോട് പറഞ്ഞത്.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് നിശാക്ലബ്ബിൽ അപകടമുണ്ടായത്. ഇലക്ട്രോണിക് പടക്കങ്ങൾ പൊട്ടിത്തെറിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ്. കൂടാതെ മൂന്ന് വിനോദസഞ്ചാരികളും മരണമടഞ്ഞു. അപകടത്തിൽ മൂന്നുപേർ പൊള്ളലേറ്റും, മറ്റുള്ളവർ തീപ്പിടിത്തത്തെയും പുകയും തുടർന്ന് ശ്വാസം മുട്ടിയും ആണ് മരിച്ചതെന്നാണ് റിപ്പോർട്ട്.