
കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഡ്യൂട്ടിയിലുള്ള ഏതെങ്കിലും ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടന്നാൽ ആറ് മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമങ്ങളിൽ ഭൂരിഭാഗവും ചെയ്യുന്നത് രോഗികളോ രോഗികളുടെ അറ്റൻഡർമാരോ ആണ്. ഇത് കണക്കിലെടുത്ത്, ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഏതെങ്കിലും ആരോഗ്യ പ്രവർത്തകർക്കെതിരെ എന്തെങ്കിലും അക്രമം ഉണ്ടായാൽ, സ്ഥാപനത്തിൻ്റെ തലവൻ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിന് ഉത്തരവാദിയായിരിക്കുമെന്ന് പ്രസ്താവിച്ചു. എയിംസ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ആശുപത്രികളിലെ ഡയറക്ടർമാർക്കും മെഡിക്കൽ സൂപ്രണ്ടുമാർക്കും രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽമാർക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ( ഡി.ജി.എച്ച്.എസ് ) ഡോ. അതുൽ ഗോയൽ ഓഫീസ് മെമ്മോറാണ്ടം നൽകി.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ഈ അറിയിപ്പ്. ഈ സംഭവത്തെ തുടർന്ന് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ആവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും വ്യാപകമായി പണിമുടക്കി.