ന്യൂഡൽഹി: ഒൻപതാമത് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന വസ്ത്രധാരണത്തിലൂടെ ഇത്തവണയും ധനമന്ത്രി ശ്രദ്ധയാകർഷിച്ചു. തമിഴ്‌നാടിന്റെ തനത് ശൈലിയിലുള്ള പർപ്പിൾ നിറത്തിലുള്ള ‘കട്ടം’ കാഞ്ചീപുരം സാരി ധരിച്ചാണ് മന്ത്രി എത്തിയത്. സ്വർണ്ണ നിറത്തിലുള്ള ചെക്കുകളും കോഫി ബ്രൗൺ കസവുമുള്ള ഈ സാരി കൈത്തറി മേഖലയോടുള്ള മന്ത്രിയുടെ താല്പര്യം ഒരിക്കൽ കൂടി വെളിവാക്കുന്നു.(Finance Minister meets President, arrives in Parliament to prepare for Union Budget 2026-27)
ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് രാഷ്ട്രപതി ഔദ്യോഗികമായി അനുമതി നൽകി. മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ചുവന്ന തുണിയിൽ പൊതിഞ്ഞ ടാബ്‌ലെറ്റുമായാണ് മന്ത്രി പാർലമെന്റിലെത്തിയത്.
ബജറ്റിന് അന്തിമ അംഗീകാരം നൽകുന്നതിനായി രാവിലെ 10.15-ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. രാവിലെ 11 മണിക്ക് ലോക്സഭയിൽ ബജറ്റ് അവതരണം ആരംഭിക്കും. നിർമല സീതാരാമന്റെ ഒൻപതാമത് ബജറ്റവതരണമാണിത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് അവർ സ്വന്തമാക്കി. 10 ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്താനും അവർക്ക് സാധിച്ചു. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിൽ പി. ചിദംബരത്തിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോൾ നിർമല സീതാരാമൻ.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റെന്ന പ്രത്യേകതയും, ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന അപൂർവ്വതയും ഇത്തവണയുണ്ട്. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണികൾ പ്രവർത്തിക്കുന്നുണ്ട്.

