

മുംബൈ: അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് തീറ്റ നൽകുന്നത് തടയുന്നത് അന്യായമായ തടസ്സപ്പെടുത്തലോ കുറ്റകൃത്യമോ ആയി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി ( Feeding Stray Dogs). ഭാരതീയ ന്യായ സംഹിത പ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമല്ലെന്ന് വ്യക്തമാക്കിയ കോടതി, പുണെ സ്വദേശിയായ 42-കാരനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി. ജസ്റ്റിസുമാരായ രേവതി മോഹിതേ ദേരെ, സന്ദേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഹൗസിംഗ് സൊസൈറ്റികളുടെ പ്രവേശന കവാടങ്ങൾ, സ്കൂൾ ബസ് സ്റ്റോപ്പുകൾ, നടപ്പാതകൾ എന്നിവിടങ്ങളിൽ നായകൾക്ക് തീറ്റ നൽകുന്നത് തടയുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥലങ്ങളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് താമസക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. നായകൾക്ക് തീറ്റ നൽകാൻ പ്രത്യേക ഇടങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും അല്ലാത്ത സ്ഥലങ്ങളിൽ ഇത് തടയുന്നത് ക്രിമിനൽ ലക്ഷ്യത്തോടെയുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ വർഷം ജനുവരിയിൽ പുണെ ഹിഞ്ചെവാഡിയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ തെരുവ് നായകൾക്ക് തീറ്റ നൽകാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും തടഞ്ഞതിനാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. സൊസൈറ്റിയിൽ നായകളുടെ ആക്രമണം വർദ്ധിച്ച സാഹചര്യത്തിലാണ് താൻ അവരെ തടഞ്ഞതെന്ന് പ്രതി കോടതിയെ അറിയിച്ചു. മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ അനുസരിച്ച് നായകൾക്ക് തീറ്റ നൽകാൻ നിശ്ചിത സ്ഥലങ്ങൾ ഉണ്ടാവണമെന്നും കോടതി ഓർമ്മിപ്പിച്ചു.
The Bombay High Court ruled that stopping a person from feeding stray dogs in non-designated areas, such as housing society entrances or school bus stops, does not constitute "wrongful restraint" under the Bhartiya Nyaya Sanhita. Quashing a case against a 42-year-old Pune resident, the court emphasized that such actions are often taken for the safety of residents and children. The bench noted that designated feeding spots should be used as per Animal Birth Control Rules to avoid public inconvenience and safety hazards.