
ചെന്നൈ : തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നീറ്റ് പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവയ്ക്കുമെന്ന പേടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് ഇന്ദുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ മാതാപിതാക്കളും സഹോദരനുമാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ദുവിനെ കണ്ടെത്തിയത്.
പ്ലസ് ടുവിന് മികച്ച മാർക്ക് നേടിയ ഇന്ദു പുതുച്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നീറ്റ് കോച്ചിംഗിന് ചേർന്നിരുന്നു. എന്നാൽ ആ വർഷത്തെ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല.
തുടർന്ന് ഈ വർഷം പരീക്ഷയ്ക്ക് വീണ്ടും തയ്യാറെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വില്ലുപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.