

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം അച്ഛന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മാറ്റി വെച്ചു. സംഗീത സംവിധായകൻ പലാശ് മുഛലുമായിട്ടുള്ള വിവാഹം ഞായറാഴ്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സംഗ്ലിയിലെ ഫാം ഹൗസിൽ രണ്ട് ദിവസമായി വിവാഹ ആഘോഷങ്ങൾ നടന്നു വരികയായിരുന്നു. ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഞായറാഴ്ച രാവിലെ സ്മൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും നിലവിൽ നിരീക്ഷണത്തിലായിരിക്കുകയുമാണ്.അച്ഛൻ സുഖമായതിനുശേഷമേ വിവാഹം നടത്തൂവെന്ന് സ്മൃതി മന്ദാന അറിയിച്ചു.
കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പലാശ് മുഛൽ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ ടീം വനിതാ ഏകദിന ലോകകപ്പ് ഉയർത്തിയ മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു പലാശ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.