
ബിഹാർ: സമസ്തിപൂർ ജില്ലയിലെ മൊഹിയുദ്ദീൻനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടാഡ ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയാണ് സംഭവം. പ്രതിയായ പിതാവ്, മകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നും,മൃതദേഹം മൂന്ന് ദിവസം വീട്ടിലെ കുളിമുറിയിൽ ഒളിപ്പിച്ചു വച്ചുവെന്നുമാണ് ആരോപണം.
25 വയസ്സുള്ള സാക്ഷി എന്ന പെൺകുട്ടിയാണ്കൊല്ലപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് അയൽവാസിയായ ഒരു യുവാവിനൊപ്പം യുവതി ഡൽഹിയിലേക്ക് പോയിരുന്നു. എന്നാൽ, ഒരു ആഴ്ച മുമ്പ് തിരികെ വീട്ടിൽ എത്തി. തിരിച്ചെത്തിയപ്പോൾ, പിതാവ് മുകേഷ് സിംഗ് യുവതിയെ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കൊലപാതകത്തിന് ശേഷം പ്രതി സാക്ഷിയുടെ മൃതദേഹം കുളിമുറിയിൽ ഒളിപ്പിച്ചു, മകൾ വീണ്ടും ഒളിച്ചോടിയെന്ന് പറഞ്ഞ് കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ സാക്ഷിയുടെ അമ്മയ്ക്ക് സംശയം തോന്നിയതോടെയാണ് ക്രൂര കൊലപാതകം പുറംലോകം അറിയുന്നത്. ഭാര്യ മുകേഷിനെ ചോദ്യം ചെയ്തതോടെ സംശയം ഏറെക്കുറെ അവർ ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ പിൻഭാഗത്തുള്ള കുളിമുറി പോലീസ് പരിശോധിച്ചപ്പോൾ അത് പൂട്ടിയ നിലയിൽ കണ്ടെത്തി. പൂട്ട് തുറന്നപ്പോൾ സാക്ഷിയുടെ അഴുകിയ മൃതദേഹം പോലീസ് കണ്ടെത്തി.
സംഭവം സ്ഥിരീകരിച്ച ശേഷം, പോലീസ് ഉടനടി പ്രതി മുകേഷ് സിംഗിനെ അറസ്റ്റ് ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.