

ന്യൂഡൽഹി: ഡൽഹിയിലെ അപ്പാർട്ട്മെന്റിൽ അഞ്ചംഗ കുടുംബം മരിച്ചനിലയിൽ. ഡൽഹി രംഗ്പുരിയിലാണ് സംഭവം നടന്നത്. പിതാവും നാല് ഭിന്നശേഷിക്കാരിയായ പെൺകുട്ടികളേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ഇവരുടെ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. വീട്ടിലെ ലിവിങ് റൂമിലാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉള്ളിലുള്ള മുറിയിലായിരുന്നു മറ്റ് നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് കുടുംബം മരിച്ച വിവരം അറിഞ്ഞത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തേക്ക് കയറിയതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ക്രൈം, ഫോറൻസിക് ടീമുകൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
നാല് പെൺകുട്ടികളും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരാണ്. എട്ടിനും 18നും ഇടക്കാണ് ഇവരുടെയെല്ലാം പ്രായം. വർഷങ്ങൾക്ക് മുമ്പ് അർബുദം ബാധിച്ച് പെൺകുട്ടികളുടെ അമ്മ മരിച്ചിരുന്നു. പിതാവ് ഒറ്റക്കാണ് പെൺകുട്ടികളെ നോക്കിയിരുന്നത്. മരപ്പണിയായിരുന്നു പിതാവ് ചെയ്തിരുന്നത്.