
പട്ന: വിവാഹിതയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ബിഹാറിലെ ഗയ ജില്ലയിലെ ഖിജ്രസരായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റോണിയ ഗ്രാമത്തിലെ താമസക്കാരനായ ഓം പ്രകാശ് ശർമ്മയുടെ മകൾ കാജൽ കുമാരിയാണ് മരണപ്പെട്ടത്. തന്റെ മകളെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും, ഭർത്താവ് പങ്കജ് കുമാർ എന്ന സുധാൻഷുവും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പിതാവ് ആരോപിക്കുന്നത്.
തന്റെ മകൾ കാജൽ കുമാരി 12-8-2023 ന് ബെലഗഞ്ച് പോലീസ് സ്റ്റേഷനിലെ കാഞ്ചൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന സിദ്ധനാഥ് സിംഗിന്റെ മകൻ പങ്കജ് കുമാർ എന്ന സുധാൻഷുവിനെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായി ഓംപ്രകാശ് പറയുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനമായി സ്വർണാഭരണങ്ങളും, 20 ലക്ഷം രൂപയും, ഒരു ബുള്ളറ്റും ആവശ്യപ്പെടാൻ തുടങ്ങി. ആവശ്യം നിറവേറ്റപ്പെടാതെ വന്നപ്പോൾ, കാജലിനെ മാനസികമായി പീഡിപ്പിക്കാനും മർദിക്കാനും തുടങ്ങി. ഇതിനുപുറമെ, ഭർതൃവീട്ടുകാരിൽ നിന്ന് അവർക്ക് വധഭീഷണികളും ഉയരാൻ തുടങ്ങി. തുടർന്ന്, ഇക്കഴിഞ്ഞ 17 നു കാജൽ കുമാരിയെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പിതാവ് ആരോപിക്കുന്നു.
കാജലിന്റെ ഭർത്താവ് പങ്കജ് കുമാർ, അമ്മായിയമ്മ അനിത ശർമ്മ, അമ്മായിയപ്പൻ സിദ്ധനാഥ് സിംഗ് എന്നിവർ ചേർന്നാണ് കാജലിനെ കൊലപ്പെടുത്തിയതെന്ന് കാജലിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. വിവരമറിഞ്ഞ് കാജലിന്റെ കുടുംബാംഗങ്ങൾ കാജലിന്റെ ഭർതൃവീട്ടിൽ പോയപ്പോൾ, എല്ലാ പ്രതികളും വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു, കാജൽ കുമാരി നിലത്ത് മരിച്ചുകിടക്കുകയായിരുന്നു. കാജലിന്റെ കൊലപാതകിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മരിച്ച കാജലിന്റെ കുടുംബാംഗങ്ങൾ പോലീസ് ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.