ഹൈദരാബാദ്: ഭർത്താവുമായുള്ള തർക്കത്തെത്തുടർന്ന് പത്തുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 27 കാരിയായ സുഷമ, മകൻ യശ്‌വർധൻ റെഡ്ഡി എന്നിവരാണ് മരിച്ചത്. മകളുടെയും കൊച്ചുമകന്റെയും മൃതദേഹം കണ്ട മനോവിഷമത്തിൽ സുഷമയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.(Family dispute turns tragic, Woman commits suicide after poisoning baby)
ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയും സുഷമയും നാല് വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസവും ഉണ്ടായ തർക്കത്തിന് പിന്നാലെ, ഷോപ്പിംഗിന് പോകുകയാണെന്ന് പറഞ്ഞ് കുഞ്ഞുമായി സുഷമ സ്വന്തം വീട്ടിലെത്തി. അമ്മ ലളിതയുടെ വീട്ടിലെത്തിയ യുവതി മുറിക്കുള്ളിൽ കയറി വാതിലടച്ച് കുഞ്ഞിന് വിഷം നൽകിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
രാത്രി വൈകിയും ഭാര്യയെ കാണാതായതോടെ തിരക്കിയിറങ്ങിയ ഭർത്താവ് യശ്വന്ത് റെഡ്ഡി സുഷമയുടെ അമ്മയുടെ വീട്ടിലെത്തി. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് സുഷമയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളുടെയും പേരക്കുട്ടിയുടെയും വിയോഗം താങ്ങാനാവാതെ സുഷമയുടെ അമ്മ ലളിതയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ മീർപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.