

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുവതി പൊലീസ് കസ്റ്റഡിയിലായി. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്ക് സമാനമായ ഭീഷണി ഇ-മെയിലുകൾ അയച്ചതിന് റെനി ജോഷിൽഡ എന്ന യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോടുള്ള പ്രതികാരമാണ് യുവതിയുടെ ഈ പ്രവൃത്തിക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ച യുവാവ് മറ്റൊരു വിവാഹം കഴിക്കുക കൂടി ചെയ്തതോടെ യുവതിക്ക് പകയായി. യുവാവിനെ കുടുക്കാനുള്ള റെനിയുടെ തന്ത്രമായിരുന്നു ഈ വ്യാജ ഭീഷണി സന്ദേശങ്ങൾ എന്ന് പൊലീസ് വിശദീകരിച്ചു.
ജൂൺ 14-ന് രാത്രി ബെംഗളൂരുവിലെ ഒരു പബ്ലിക് സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സമാനമായ വ്യാജ ഭീഷണികൾ ബെംഗളൂരുവിലുടനീളം ഉയർന്നതോടെ സിറ്റി പൊലീസ് കമ്മീഷണർ കേസ് നോർത്ത് ഡിവിഷൻ സൈബർ ക്രൈം യൂണിറ്റിന് കൈമാറി. റെനി ജോഷിൽഡയുടെ പ്രവർത്തനങ്ങൾ കർണാടകയിൽ മാത്രം ഒതുങ്ങിയില്ല. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും ഇവർ വ്യാജഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു.
ജൂണിൽ അഹമ്മദാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബോഡി വാറന്റിൽ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്നു.
യുവതി തൻ്റെ യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) വഴിയാണ് ഭീഷണി ഇമെയിലുകൾ അയച്ചതെന്നാണ് റിപ്പോർട്ട്. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേസുകളാണ് റെനി ജോഷിൽഡക്കെതിരെ നിലവിലുള്ളത്.