
കതിഹാർ : കതിഹാറിൽ നാല് യുവാക്കൾ ചേർന്ന് ഒരു നായയുടെ വാൽ മുറിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ പുറത്ത് വന്നതിനു പിന്നാലെ , സംഭവത്തിൽ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചില യുവാക്കൾ ഒരു നായയുടെ വാൽ ക്രൂരമായി മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ടെന്ന് പെറ്റ അംഗങ്ങൾ കതിഹാർ എസ്പിയെ അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ആണ് ഈ ക്രൂരത നിറഞ്ഞ വീഡിയോ പങ്കുവച്ചിരിക്കുന്നതെന്നും സംഘടന പോലീസിനെ അറിയിച്ചു. നുഷ്യത്വരഹിതമായ ഈ പ്രവൃത്തിക്കെതിരെ പോലീസിൽ നിന്ന് കർശന നടപടി സ്വീകരിക്കണമെന്ന് പെറ്റ ആവശ്യപ്പെട്ടു. തുടർന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം , പ്രതിയായ യുവാവ് പ്രാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) വൈഭവ് ശർമ്മ പറഞ്ഞു. പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് റിപ്പോർട്ട്. ഇയാളുടെ മൊബൈൽ നമ്പറിനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ നാല് യുവാക്കളെയാണ് കാണുന്നത്. മൂന്ന് ആൺകുട്ടികൾ നായയെ പിടിച്ചിരിക്കുന്നു, നാലാമത്തെ യുവാവ് വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അതിന്റെ വാൽ മുറിക്കുന്നു. തുടർന്ന് യുവാവ് നായയുടെ മുറിഞ്ഞ വാൽ ക്യാമറയിലേക്ക് കാണിക്കുന്നു. കതിഹാർ ജില്ലയിലെ പ്രാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ യുവാക്കളാണ് ഈ വീഡിയോ നിർമ്മിച്ചതെന്നാണ് സൂചന. ഈ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് ഒരുങ്ങുകയാണ്.