

ന്യൂഡൽഹി: ഐ-പാക് തലവൻ പ്രതീക് ജെയിന്റെ വീട്ടിൽ നടന്ന റെയ്ഡ് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ സുപ്രീം കോടതി ഇടപെട്ടു. കേസ് സുപ്രീം കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷവും വിശദമായി പരിഗണിക്കും. മുഖ്യമന്ത്രി നേരിട്ടെത്തി റെയ്ഡ് തടസ്സപ്പെടുത്തിയെന്നും ഇ.ഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ മുഖ്യമന്ത്രി തന്നെ തട്ടിയെടുത്തെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.(Extremely serious, Supreme Court on Mamata-ED dispute )
സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലം നിഷ്പക്ഷമായ അന്വേഷണം സാധ്യമല്ലെന്നും അതിനാൽ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂൽ കോൺഗ്രസ് ഐ-പാക് വഴി 20 കോടി രൂപയുടെ ഹവാല പണം കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ആറ് പേർ കൈമറിഞ്ഞാണ് ഈ തുക ഗോവയിലെത്തിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തന്ത്രപ്രധാനമായ രേഖകൾ കൈക്കലാക്കാനാണ് ഇ.ഡി ശ്രമിച്ചതെന്ന് മമത ബാനർജി തിരിച്ചടിച്ചു. ഐ-പാക്കിലെ റെയ്ഡിനെതിരെ കൊൽക്കത്ത പോലീസ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. വിഷയം കൊൽക്കത്ത ഹൈക്കോടതി തന്നെ പരിഗണിച്ചാൽ മതിയെന്നും സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.