
ഗുജറാത്ത്: ഗുജറാത്തിലെ ഛോട്ടാ ഉധംപൂർ ജില്ലയിൽ ഒരാൾ അഞ്ച് വയസ്സുകാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി (Five-year-old girl was killed) ക്ഷേത്രത്തിന്റെ പടികളിൽ രക്തം അർപ്പിച്ചതായി റിപ്പോർട്ട്. സംഭവം നരബലി ആണെന്നാണ് പോലീസ് സംശയിക്കുന്നത്.
ആദിവാസി മേഖലയായ ജില്ലയിലെ പനേജ് ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇന്ന് രാവിലെ അമ്മയുടെ മുന്നിൽ നിന്നും പ്രതി ലാല തദ്‌വി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി മഴു ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎസ്പി ഗൗരവ് അഗർവാൾ പറഞ്ഞു.
തുടർന്ന് പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് ഒഴുകുന്ന രക്തം അക്രമി ശേഖരിച്ച് തന്റെ വീടിനടുത്തുള്ള ഒരു ചെറിയ ക്ഷേത്രത്തിന്റെ പടികളിൽ സമർപ്പിച്ചു. ഒരു ഗ്രാമം മുഴുവൻ ഈ ഭയാനകമായ പ്രവൃത്തിയിൽ ഞെട്ടിയ അവസ്ഥയിലാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാലും പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.