ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കമ്മിറ്റി എന്‍ഡിഎ വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒ.പനീര്‍ശെല്‍വം മുന്നണി വിട്ടത്. ഒറ്റപ്പെടുന്നെന്ന തോന്നലാണ് മുന്നണിയില്‍ നിന്ന് പിന്മാറാന്‍ ഒ.പി.എസിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) ഇനി തുടരില്ലെന്നാണു പനീര്‍ശെല്‍വവും മറ്റ് പാനല്‍ അംഗങ്ങളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
ഇന്നു രാവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി പ്രഭാത നടത്തത്തില്‍ ഒന്നിച്ച് കണ്ടിരുന്നു. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകം എന്‍ഡിഎ മുന്നണി വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ഡിഎംകെയുമായോ അല്ലെങ്കില്‍ തമിഴ് നടന്‍ വിജയിയുടെ തമിഴക വെട്രിമുന്നേറ്റ കഴകം എന്ന പാര്‍ട്ടിയുമായോ സഖ്യമുണ്ടാക്കിയേക്കാമെന്നാണ് കരുതുന്നത്. ആരുമായി സഖ്യം ചേരുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സമയമാകുമ്പോള്‍ എല്ലാം അറിയാമെന്ന മറുപടിയാണ് പനീര്‍ശെല്‍വം നല്‍കിയത്.