

ഇന്ത്യയിൽ വിവിധ ഓൺലൈൻ ആപ്പുകൾ വഴി സാധനങ്ങൾ ഓർഡർ ചെയ്തുകഴിഞ്ഞാൽ പത്ത് മിനിറ്റിനുള്ളിൽ അവ വീട്ടിലെത്തും അല്ലേ? എന്നാൽ, വിദേശത്ത് നിന്നെത്തുന്ന പലർക്കും ഇന്ത്യയിലെ ഈ ഡെലിവറി സംസ്കാരം അത്ഭുതമുണ്ടാക്കാറുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് യുഎസ്സിൽ കഴിയുന്ന ഇന്ത്യൻ വംശജയായ ഒരു സിഇഒ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഈ 10 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടിലെത്തുന്ന സംസ്കാരത്തെ അമേരിക്കയുമായിട്ടാണ് അവർ താരതമ്യം ചെയ്തിരിക്കുന്നത്. (Blinkit)
TriFetch -ന്റെ സിഇഒ ആയ വരുണി സർവാളാണ് തനിക്ക് ഇന്ത്യയിലുണ്ടായ അനുഭവം ലിങ്ക്ഡ്ഇനിൽ ഷെയർ ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈമിന്റെ രണ്ട് ദിവസം കൊണ്ടെത്തുന്ന ഡെലിവറി ഇതുവച്ച് നോക്കുമ്പോൾ വളരെ വളരെ പഴഞ്ചനായി എന്നാണ് വരുണി പറയുന്നത്. 'യുഎസ് കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ മുന്നിലാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ബി2സി ലോജിസ്റ്റിക്സ് ഇതിനകം തന്നെ 2030 -ൽ എത്തിക്കഴിഞ്ഞു. സാൻ ഫ്രാൻസിസ്കോയിൽ സെൽഫ്ന്ന ഡ്രൈവിംഗ് കാറുകളുണ്ട്. ഇന്ത്യയിൽ പത്ത് മിനിറ്റിനുള്ളിൽ എല്ലാം കിട്ടും. ഇതിൽ ഏതാണ് കൂടുതൽ ആകർഷണീയമെന്ന് എനിക്കറിയില്ല' എന്നും അവർ പറയുന്നു.
വരുണിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാനുണ്ടായ സാഹചര്യം ഇതാണ്. വരുണിയും സഹപ്രവർത്തകയായ റോസ്മേരിയും ഒരു സുഹൃത്തിന്റെ വിവാഹത്തിനായി റാഞ്ചിയിൽ എത്തിയതാണ്. എന്നാൽ, ഹൽദി ദിവസം ഇടാനുള്ള വസ്ത്രങ്ങളൊന്നും അവരുടെ കയ്യിലുണ്ടായിരുന്നില്ല. ഒടുവിൽ അവർ ബ്ലിങ്കിറ്റിൽ വസ്ത്രങ്ങൾ ഓർഡർ ചെയ്തു, വെറും 15 മിനിറ്റിനുള്ളിൽ സാധനം കയ്യിലെത്തി. യുഎസ്സിലാണെങ്കിൽ ഒന്നുകിൽ മാളുകളിലോ മറ്റോ പോകേണ്ടി വരും അല്ലെങ്കിൽ ഓർഡർ ചെയ്ത് രണ്ട് ദിവസം കാത്തിരിക്കേണ്ടി വരും ഇവ കിട്ടണമെങ്കിലെന്നും വരുണി പറയുന്നു. എന്തായാലും, ഇന്ത്യയെ പുകഴ്ത്തിയുള്ള വരുണിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.