
ഹൈദരാബാദ്: താൻ വിളിക്കുമ്പോൾ വന്നില്ലെങ്കിൽ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തയാൾക്കെതിരെ കേസെടുത്തു. എല്ലാവരുടെയും മുന്നിൽ വെച്ച് യുവതിയെ റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കല്ലുകൊണ്ട് ഇയാൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഷെയ്ഖ്പേട്ട് മാരുതിനഗറിൽ നിന്നുള്ള യുവതി ഒരു ദന്ത ആശുപത്രിയിലെ റിസപ്ഷനിസ്റ്റാണ് . 2018 ൽ വിവാഹിതയായി. എന്നാൽ കിരൺ എന്ന യുവാവുമായി യുവതി മുൻപ് പ്രണയത്തിലായിരുന്നു.
വിവാഹശേഷം ഇരുവരും ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു. ഇത് മുതലെടുത്ത് കിരൺ തന്നോടൊപ്പം താമസിക്കാൻ യുവതിയെ നിർബന്ധിക്കാൻ തുടങ്ങി. അനുസരിച്ചില്ലെങ്കിൽ അവളുടെ ഫോട്ടോകളും വീഡിയോകളും കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും അയാൾ ഭീഷണിപ്പെടുത്തി. ഇതോടെ യുവതി കിരണുമായി സംസാരിക്കുന്നത് നിർത്തി.
ഈ മാസം 7 ന് കിരൺ യുവതി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോയി കൈയിൽ പിടിച്ചു വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവന്ന് കല്ലുകൊണ്ട് അടിച്ചു.അക്രമത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ചവരെ പ്രതി കിരൺ ഭീഷണിപ്പെടുത്തി. ഇയാളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട യുവതി ഫിലിംനഗർ പോലീസിൽ പരാതി നൽകി, പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.