
ലഖ്നോ: രാജ്യത്ത് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇത് പരിഹരിക്കുന്നതിനായി ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് യു.പിയിലെ പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ വി.എച്ച്.പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്ര ആഹ്വാനം ചെയ്തു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യയിലും ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ചിലർ ശ്രമിക്കുകയും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയുമാണ്. ഹിന്ദുക്കൾ ഇക്കാര്യം ഗൗരവത്തോടെ കാണണം. (VHP)
'ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞത് രാജ്യത്തെ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ഹിന്ദു സമൂഹത്തിലെ സന്യാസിമാർ ആഹ്വാനം ചെയ്യുകയാണ്' -വി.എച്ച്.പി ജനറൽ സെക്രട്ടറി പറഞ്ഞു.