റീവ : ആധുനിക സുരക്ഷാ വെല്ലുവിളികളുടെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ യുഎസ് മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേര് പരാമർശിച്ച് ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. തൻ്റെ ജന്മനാടായ റീവയിലെ ടി.ആർ.എസ്. കോളേജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Even Trump doesn't know what to do tomorrow, Indian Army chief on security about challenges)
സൈബർ ആക്രമണങ്ങൾ മുതൽ ബഹിരാകാശ യുദ്ധം വരെയുള്ള ഭീഷണികളുടെ സങ്കീർണ്ണവും അതിവേഗം വികസിക്കുന്നതുമായ പുതിയ കാലത്തെക്കുറിച്ചാണ് ജനറൽ ദ്വിവേദി സംസാരിച്ചത്.
ഇന്ത്യൻ സായുധ സേന നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ താരതമ്യം ചെയ്തുകൊണ്ടാണ് ജനറൽ ദ്വിവേദി രസകരമായ ഒരു പരാമർശം നടത്തിയത്.
"നാളെ എന്താണ് താൻ ചെയ്യുക എന്ന് ട്രംപിന് തന്നെ അറിയില്ല. ട്രംപ് ഇന്ന് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാമെന്ന് എനിക്ക് തോന്നുന്നില്ല."
ഭാവിയിലെ വെല്ലുവിളികൾ 'സ്ഥിരതയില്ലായ്മ, അനിശ്ചിതത്വം, സങ്കീർണ്ണത, അവ്യക്തത' എന്നിവയാൽ അടയാളപ്പെടുത്തുമെന്നും ആർമി മേധാവി ഓർമ്മിപ്പിച്ചു. "ഒരു വെല്ലുവിളി പരിഹരിക്കുന്നതിനിടയിൽ തന്നെ അടുത്തത് ഉയർന്നുവരുന്ന രീതിയിൽ വെല്ലുവിളികൾ അതിവേഗം കൂടിവരുന്നു. ഇതാണ് നമ്മുടെ സൈന്യവും നേരിടുന്നത്."
അതിർത്തി സംഘർഷങ്ങൾ, തീവ്രവാദം, പ്രകൃതി ദുരന്തങ്ങൾ, സൈബർ ഭീഷണികൾ എന്നിവ കൂടാതെ ബഹിരാകാശ യുദ്ധം, ഉപഗ്രഹങ്ങൾ, രാസ, ജൈവ, റേഡിയോളജിക്കൽ, ഇൻഫർമേഷൻ യുദ്ധങ്ങൾ പോലുള്ള പുതിയ മേഖലകളും വെല്ലുവിളികളിൽ ഉൾപ്പെടുന്നു.
സൈബർ ഇടത്തെ വ്യാജ വാർത്തകളുടെ ഭീഷണിയെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് വ്യാജവാർത്തകൾ വ്യാപകമായിരുന്നു. തെറ്റായ വിവരങ്ങളുടെ അളവ് കൂടുതലായിരുന്നതിനാൽ അത് പലപ്പോഴും യഥാർത്ഥമാണെന്ന് തോന്നിയിരുന്നു.
"ഓപ്പറേഷൻ സിന്ദൂർ സമയത്ത് കറാച്ചി ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ വരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിൻ്റെ വലിയൊരു ഭാഗം ഞങ്ങൾക്ക് പോലും യാഥാർത്ഥ്യമായി തോന്നി. അത് എവിടെ നിന്ന് വന്നു, ആരാണ് അതിന് പിന്നിൽ? ഈ വെല്ലുവിളികൾക്കിടയിൽ, നിങ്ങൾ കരയിലും ആകാശത്തും കടലിലും പ്രവർത്തിക്കാൻ സജ്ജരായിരിക്കണം," ജനറൽ ദ്വിവേദി പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ സൈന്യത്തിൻ്റെ സജ്ജതയെയും വികസനത്തെയും കുറിച്ച് ഓർമ്മിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.