ന്യൂഡൽഹി : ഡിസിസി പ്രസിഡന്റുമാർക്കായുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ക്യാമ്പ് മേധാവിയുടെ വക കായിക ശിക്ഷ. നിശ്ചയിച്ച സമയത്തിൽ നിന്ന് വൈകിയെത്തിയ രാഹുൽ ഗാന്ധിയോട്, ക്യാമ്പിലെ നിയമം അനുസരിച്ച് പത്ത് തവണ പുഷ് അപ്പ് എടുക്കാൻ ക്യാമ്പ് മേധാവി സച്ചിൻ റാവു ആവശ്യപ്പെട്ടു.(Even Rahul Gandhi couldn't beat the time, Punished with 10 push-ups for arriving late)
മധ്യപ്രദേശിലെ പഞ്ച്‌മറിയിൽ നടന്ന പരിശീലന ക്യാമ്പിൽ സമയനിഷ്ഠയും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, വൈകിയെത്തുന്നവർ ശിക്ഷ നേരിടേണ്ടി വരുമെന്ന് ക്യാമ്പ് മേധാവി സച്ചിൻ റാവു നേരത്തെ നിർദേശം നൽകിയിരുന്നു. ഞായറാഴ്ച വൈകുന്നേരം സെഷനിൽ പങ്കെടുക്കാൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏകദേശം 20 മിനിറ്റോളം വൈകിയാണ് രാഹുൽ ഗാന്ധി ക്യാമ്പിലെത്തിയത്.
ശിക്ഷയെക്കുറിച്ച് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ, നിയമപ്രകാരം പത്ത് പുഷ് അപ്പുകൾ എടുക്കണമെന്ന് സച്ചിൻ റാവു നിർബന്ധിച്ചു. നിയമം ശിരസ്സാവഹിച്ച്, തന്റെ ഇരിപ്പിടത്തിലേക്ക് പോകും മുൻപ് തന്നെ, ക്യാമ്പ് മേധാവിയുടെ നിർദ്ദേശം പാലിച്ച് രാഹുൽ ഗാന്ധി വേദിയിൽവെച്ച് പുഷ് അപ്പ് എടുത്തു. ഇത് കണ്ട സദസ്സിൽ ഉണ്ടായിരുന്ന ഡിസിസി പ്രസിഡന്റുമാർ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രതികരിച്ചത്.
സംസ്ഥാനത്ത് കോൺഗ്രസിന്റെ അടിത്തറയും ശക്തിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. പുഷ് അപ്പിന് ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ഗാന്ധി, പാർട്ടിയുടെ ഭാവി പദ്ധതികളെക്കുറിച്ചും ക്യാമ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
പാർട്ടി പ്രവർത്തകർ അച്ചടക്കത്തിനും ഉത്തരവാദിത്തത്തിനും ഊന്നൽ നൽകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് പോലും നിയമം ബാധകമാക്കിയ ക്യാമ്പ് മേധാവിയുടെ നടപടി, പാർട്ടി പ്രവർത്തകർക്കിടയിൽ കൃത്യനിഷ്ഠയുടെ പ്രാധാന്യം ഉറപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.