

ചെന്നൈ: തമിഴ്‌നാടാണ് അടുത്ത ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിൻ. "മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്‌നാട്ടിൽ ബി.ജെ.പി.ക്ക് ജയിക്കാൻ കഴിയില്ല," സ്റ്റാലിൻ പറഞ്ഞു. അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും അമിത് ഷായ്ക്ക് തമിഴ്നാടിന്റെ സ്വഭാവം മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എം.കെ.യുടെ യുവജന വിഭാഗത്തിന്റെ വടക്കൻ മേഖലാ യോഗത്തിലാണ് സ്റ്റാലിൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.(Even if you come with your entire party, you won't win in Tamil Nadu, MK Stalin responds to Amit Shah)
എതിരാളികളെ സംബന്ധിച്ച് ഏറ്റവും അപകടകാരി തന്റെ മകനും യുവജന നേതാവുമായ ഉദയനിധി സ്റ്റാലിനാണെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. യുവാക്കളെ കൂടുതൽ സജീവമായി രംഗത്തിറക്കണമെന്ന ഉദയനിധിയുടെ അഭ്യർത്ഥന ഡി.എം.കെ. അംഗീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. യൂത്ത് വിങ് നേതാക്കളെ മത്സരിപ്പിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.
ടി.വി.കെ. അധ്യക്ഷൻ വിജയ് അടക്കമുള്ളവർ യുവാക്കളെ ആകർഷിക്കുന്ന പശ്ചാത്തലത്തിൽ, യുവനേതൃത്വത്തിന് പ്രാധാന്യം നൽകാനുള്ള ഡി.എം.കെ.യുടെ ഈ നീക്കം തന്ത്രപരമായാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി. തമിഴ്നാടിനെ അവഗണിക്കുന്നു എന്ന പ്രചാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയതിനാൽ, ബി.ജെ.പി. വിരുദ്ധത കൂടുതൽ ശക്തമായി ഉന്നയിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് സ്റ്റാലിന്റെ തീരുമാനം.
ബിഹാർ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. മധുരയിൽ നടന്ന ബി.ജെ.പി. പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്, 2026-ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബി.ജെ.പി. സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ അവകാശവാദം ഉന്നയിച്ചത്. നാല് വർഷത്തെ ഭരണത്തിനിടെ ഡി.എം.കെ. അഴിമതിയുടെ എല്ലാ പരിധികളും ലംഘിച്ചു. കേന്ദ്ര സർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡി.എം.കെ. വലിയ അഴിമതി നടത്തിയെന്നും ഷാ പറഞ്ഞു.
ഡി.എം.കെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 60 ശതമാനവും പാലിച്ചിട്ടില്ല. "മിസ്റ്റർ സ്റ്റാലിൻ, കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ എത്ര എണ്ണം പാലിച്ചെന്ന് ജനങ്ങളോട് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു," അമിത് ഷാ പറഞ്ഞു.