ന്യൂഡൽഹി : എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന ചാരമേഘങ്ങൾ ഇന്ത്യ കടന്ന് ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ നിന്ന് പൂർണമായും ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കൻ ഇന്ത്യയിലേക്ക് ചാരമേഘങ്ങൾ നീങ്ങിയത് ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.(Ethiopia volcano eruption, Ash moves towards China)
കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് വ്യാപിച്ചതോടെ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകളെ ബാധിച്ചു. അഗ്നിപർവ്വത ചാരം വിമാന എഞ്ചിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി. ചാരമേഘങ്ങൾ ബാധിച്ച മേഖലകളിലൂടെ പറന്ന വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്താനായി ഇന്ന് നാല് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി.
ചെന്നൈ - മുംബൈ
ഹൈദരാബാദ് - മുംബൈ
കൊൽക്കത്ത - മുംബൈ
ഹൈദരാബാദ് - ഡൽഹി
ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം. തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
ആകാശ എയർ: നവംബർ 24, 25 തീയതികളിലെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി.
കെ.എൽ.എം.: ആംസ്റ്റർഡാം-ദില്ലി (KL 871), ദില്ലി-ആംസ്റ്റർഡാം സർവീസുകൾ റദ്ദാക്കി.
ഇൻഡിഗോ: പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് ചാരം നീങ്ങുന്നതായി റിപ്പോർട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും അറിയിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കർശന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കണം. ഏറ്റവും പുതിയ മുന്നറിയിപ്പുകൾ അനുസരിച്ച് റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്തണം. എഞ്ചിൻ പ്രവർത്തനത്തിലെ അപാകതകളോ, കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളങ്ങളിൽ ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്‌സിവേ, അപ്രോൺ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം സർവീസുകൾ പുനരാരംഭിക്കണം.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തെ തുടർന്ന് സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടുകയും എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമാവുകയും ചെയ്തു.
അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചിരുന്നു. ഈ ചാരം ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങിയെത്തി. എന്നിരുന്നാലും, ഈ പുകപടലം അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ താഴെത്തട്ടിൽ വായുവിൻ്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.