
കൊച്ചി: ഇന്ത്യയിലെ മുൻനിര ബിസിനസ് വാർത്താ ചാനലായ ഇടി നൗ (ET Now) രണ്ട് പുതിയ പരിപാടികൾ പ്രഖ്യാപിച്ചു. 'സൗത്ത് സെൻട്രൽ', 'ദി ഇന്റർവ്യൂ വിത്ത് ആയിഷ ഫരീദി' എന്നിവയാണ് ഈ പുതിയ ഷോകൾ. കൃത്യമായ വാർത്താ വിശകലനത്തോടൊപ്പം ആകർഷകമായ വിശകലനവും ഉൾക്കൊള്ളുന്നതാകും പുതിയ പരിപാടികളെന്ന് ടൈംസ് നെറ്റ്‌വർക്ക് അറിയിച്ചു. രാജ്യത്തിൻ്റെ സാമ്പത്തിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളെ നിയന്ത്രിക്കുന്നവരെയും അവരുടെ തീരുമാനങ്ങളെയും അടുത്തറിയാൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സാധിക്കുമെന്നും ഇടി നൗ അറിയിച്ചു.
പുതിയ ഷോകളിൽ പ്രധാനപ്പെട്ടതാണ് ദക്ഷിണേന്ത്യയുടെ പ്രാധാന്യം വിളിച്ചോതുന്ന 'സൗത്ത് സെൻട്രൽ'. ബിസിനസ് വാർത്തകൾ കൂടാതെ രാഷ്ട്രീയം, സിനിമ, ഭക്ഷണം, ജീവിതശൈലി എന്നിങ്ങനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രധാന വിഷയങ്ങൾ ഇതിലൂടെ ചർച്ച ചെയ്യും. ഇന്ത്യയുടെ വികസനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പങ്ക് വിശദീകരിക്കുന്നതായിരിക്കും 'സൗത്ത് സെൻട്രൽ' ലക്ഷ്യമിടുന്നത്. ഇടി നൗവിലെ ജൂഡ് സുജേന്ദ്രനാണ് അവതാരകനായി എത്തുന്ന സൗത്ത് സെൻട്രൽ, സെപ്റ്റംബർ 29 തിങ്കൾ മുതൽ ആരംഭിക്കും. വൈകിട്ട് 5:30 മുതൽ 6:00 വരെയാണ് സംപ്രേക്ഷണം ചെയ്യുക.
ഒക്ടോബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:30ന് തുടങ്ങുന്ന 'ദി ഇന്റർവ്യൂ വിത്ത് ആയിഷ ഫരീദി' എന്ന പരിപാടി അവതരിപ്പിക്കുന്നത് പ്രശസ്ത ബിസിനസ് ജേണലിസ്റ്റായ ആയിഷ ഫരീദിയാണ്. ആഴ്ചയിൽ ഒരിക്കൽ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ഈ അഭിമുഖ പരിപാടിയിൽ, ബിസിനസ്, കായികം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരുമായി ആയിഷ ഫരീദി ചർച്ചകൾ നടത്തും. വിജയരഹസ്യം, ഭാവി പദ്ധതികൾ, അധികമാർക്കും അറിയാത്ത ജീവിത കഥകൾ എന്നിവയെല്ലാം ഈ 25 മിനിറ്റ് ഷോയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ആകർഷിക്കുന്ന വിധത്തിലാണ് പരിപാടികൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സംസ്കാരം എന്നിവ രൂപപ്പെടുത്തുന്ന വ്യക്തികളെയും ശക്തികളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ഷോകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൈംസ് നെറ്റ്‌വർക്ക് അറിയിച്ചു.