
പട്ന : സഹോദരഭാര്യയ്ക്ക് ഐസ്ക്രീം കൊടുക്കാൻ ശ്രമിച്ച യുവാവിനെ സഹോദരൻ ക്രൂരമായി കൊലപ്പെടുത്തി. പുതുതായി വിവാഹിതയായ സഹോദരഭാര്യയ്ക്ക് ഐസ്ക്രീം കൊടുക്കാൻ ശ്രമിച്ചതിൽ പ്രകോപിതനായാണ് യുവാവ് സ്വന്തം സഹോദരനെ കൊലപ്പെടുത്തിയത്. ബീഹാറിലെ ഛപ്രയിൽ, പാർസ പോലീസ് സ്റ്റേഷൻ പരിധിയിലെ മാരാർ ഗ്രാമത്തിലാണ് സംഭവം. മാരാർ ഗ്രാമത്തിലെ താമസക്കാരനായ ദിനനാഥ് സാഹിന്റെ മകൻ സോനു കുമാർ (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
റിപ്പോർട്ടുകൾ പ്രകാരം, യുവാവ് സ്വന്തം പണം ഉപയോഗിച്ച് മൂന്ന് ഐസ്ക്രീമുകൾ വാങ്ങി വീട്ടിലെത്തി, ഒന്ന് തനിക്കും ഒന്ന് അമ്മയ്ക്കും മറ്റൊന്ന് തെന്റെ ചേട്ടന്റെ ഭാര്യക്കും നൽകി. ഇത് കണ്ട് സഹോദരൻ സണ്ണി കുമാർ ദേഷ്യപ്പെടുകയും ഇരുവരും പരസ്പരം അധിക്ഷേപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടയിൽ, സണ്ണി തന്റെ സഹോദരന്റെ നെഞ്ചിൽ കുത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.